‘ഒരു സര്‍ക്കാര്‍ ഉല്‍പന്നം’ സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു
അടൂര്‍:മറ്റന്നാള്‍ റിലീസ് ചെയ്യാനിരിക്കുന്ന ‘ഒരു സര്‍ക്കാര്‍ ഉല്‍പന്നം’ എന്ന സിനിമയ്ക്ക് ഉള്‍പ്പെടെ തിരക്കഥ രചിച്ച നിസാം റാവുത്തര്‍ (49) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍വച്ച ഹൃദയാഘാതം നിമിത്തമാണ് മരണം. കടമ്മനിട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്നു.
‘ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പന്നം’ എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രത്തില്‍നിന്ന് ‘ഭാരതം’ എന്നതു നീക്കണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിച്ചു നില്‍ക്കെയാണ് നിസാമിന്റെ ആകസ്മിക നിര്യാണം. പുതിയ ചിത്രത്തിന്റെ പ്രമോ വിഡിയോ ഉള്‍പ്പെടെ പങ്കുവച്ച് ഇന്നലെ രാത്രി വൈകിയും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. നിരവധി ഡോക്യുമെന്ററികളും ഒരുക്കിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ ലേഖനങ്ങളും എഴുതിയിരുന്നു.
ഔദ്യോഗിക ജീവിതത്തില്‍ ഏറിയ പങ്കും കാസര്‍കോട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ എന്‍ഡോസള്‍ഫാന്‍ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന ചിത്രത്തില്‍ നിസാം റാവുത്തറും തിരക്കഥാ പങ്കാളിയായിരുന്നു. ‘ബോംബെ മിഠായി’, റേഡിയോ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.
പഴകുളം പടിഞ്ഞാറ് നൂര്‍ മഹലില്‍ റിട്ട. സെയില്‍ ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണറും പൊതു പ്രവര്‍ത്തകനുമായ എസ്. മീരാസാഹിബിന്റെയും മസൂദയുടെയും മകനാണ്.
Your comment?