പന്നി ഓടിച്ച വീട്ടമ്മ കിണറ്റില്‍ വീണു: 12 മണിക്കൂറോളം കിണറ്റില്‍
അടൂര്‍: കുത്താന്‍ വന്ന കാട്ടുപന്നിയില്‍ നിന്ന് രക്ഷപ്പെടാന്‍ കയറി നിന്ന പലക തകര്‍ന്ന് കിണറ്റില്‍ വീണ വയോധിക അമ്പതടി താഴ്ചയില്‍ അഞ്ചടിയോളം വെള്ളത്തില്‍ കഴിച്ചു കൂട്ടിയത് ഒരു ദിവസത്തോളം. വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവില്‍ കിണറ്റില്‍ നിന്ന് കേട്ട നിലവിളി ഇവരുടെ ജീവന്‍ രക്ഷിച്ചു.
ഏറത്ത് പരുത്തിപ്പാറ പ്ലാവിയില്‍ വീട്ടില്‍ ബാബുവിന്റെ ഭാര്യ എലിസബത്ത് ബാബു (58)വാണ് ഒരു ദിവസത്തോളം കിണറ്റില്‍ കിടന്നത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് എലിസബത്തിനെ കാണാതായത്. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനിടെ ഇന്ന് ഉച്ചയ്ക്ക് 02:45 ന് അടുത്ത പുരയിടത്തിലെ കിണറ്റില്‍ നിന്നും കരച്ചില്‍ കേട്ട് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ ഓടി കിണറിന് മുകളിലേക്ക് കയറിതായിരുന്നു ഇവര്‍. മുകളില്‍ നിരത്തിയിരുന്ന പലകകള്‍ ഒടിഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഇതറിയാതെ വീട്ടുകാരും നാട്ടുകാരും ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറില്‍ നിന്ന് കണ്ടെത്തിയത്. ആഴമുള്ള കിണറ്റില്‍ നിന്നും ഇവരെ രക്ഷപെടുത്താന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം വിഫലമായി. തുടര്‍ന്ന് ഫയര്‍ ഫോഴ്സിന്റെ സഹായം തേടി. സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അജികുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അഭിലാഷ് എന്നിവര്‍ കിണറ്റിലിറങ്ങി എലിസബത്തിനെ വലയും വടവും ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
ഒരു ദിവസത്തോളം വെള്ളത്തില്‍ കിടന്നതിനാല്‍ അവശയായ എലിസബത്തിനെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരായ അജികുമാറും, അഭിലാഷും ചേര്‍ന്ന് പരുക്കുകള്‍ ഗുരുതരമാകാത്ത വിധം പുറത്തെത്തിച്ച് അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം വേണു, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനൂപ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ലിജികുമാര്‍, ദിനൂപ്, കൃഷ്ണകുമാര്‍, ദീപേഷ്, പ്രദീപ്, രഞ്ജിത്ത്, റെജികുമാര്‍, രാജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി
Your comment?