പാഴ്‌സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ

Editor

കൊല്ലം: പാഴ്‌സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന വ്യാജേന വീഡിയോകോള്‍ ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തില്‍ കൊല്ലത്ത് ഒരാള്‍ക്ക് 40 ലക്ഷത്തില്‍പരം രൂപ നഷ്ടമായി.
മുംബൈ പോലീസിലെ സൈബര്‍ വിഭാഗത്തിലെ മുതിര്‍ന്ന പോലീസ് ഓഫീസറെന്ന വ്യാജേനയാണ് പാഴ്‌സല്‍ അയച്ച ആളെ തട്ടിപ്പുകാര്‍ വീഡിയോകോള്‍ ചെയ്തത്. പാഴ്‌സലിനുള്ളില്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ഉല്പ്പന്നങ്ങളുണ്ടെന്ന് വീഡിയോകോള്‍ ചെയ്തയാള്‍ പറഞ്ഞു. പാഴ്‌സല്‍ അയച്ച ആളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാരന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ 40,30,000 രൂപ അവര്‍ നിര്‍ദ്ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയത്.

പ്രശസ്തമായ ഒരു കൊറിയര്‍ കമ്പനിയുടെ കസ്റ്റമര്‍ സര്‍വ്വീസ് സെന്ററില്‍ നിന്ന് എന്നു പരിചയപ്പെടുത്തി വന്ന ഒരു ഫോണ്‍ കോളിലാണ് തട്ടിപ്പിന്റെ തുടക്കം. പരാതിക്കാരന്‍ മുംബൈയില്‍ നിന്ന് തായ്‌ലന്റിലേക്ക് ഒരു പാഴ്‌സല്‍ അയച്ചിട്ടുണ്ടെന്നും അതില്‍ പാസ്‌പോര്‍ട്ട്, ക്രഡിറ്റ് കാര്‍ഡ്, ലാപ്‌ടോപ് എന്നിവ കൂടാതെ 200 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയെന്നതിനാല്‍ മുംബൈ പോലീസ് പിടിച്ചുവച്ചിരിക്കുകയാണെന്നുമാണ് അയാള്‍ അറിയിച്ചത്. പാഴ്‌സല്‍ അയക്കുന്നതിന് പരാതിക്കാരന്റെ അക്കൗണ്ട് നമ്പര്‍, ഫോണ്‍ നമ്പര്‍, ക്രഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു.

താന്‍ മുംബൈയില്‍ പോയിട്ടില്ലെന്നും ഇങ്ങനെ പാഴ്‌സല്‍ അയച്ചിട്ടില്ലെന്നും വ്യക്തമാക്കിയ പരാതിക്കാരന്‍ കൊല്ലത്ത് പോലീസില്‍ പരാതി നല്‍കാന്‍ പോകുകയാണെന്ന് അറിയിച്ചു. സംഭവം മുംബൈയില്‍ നടന്നതിനാല്‍ അവിടെ പരാതി കൊടുക്കണമെന്ന് പറഞ്ഞ കൊറിയര്‍ കമ്പനി പ്രതിനിധി, മുംബൈ സൈബര്‍ ക്രൈം സെല്‍ തലവനെ കണക്ട് ചെയ്യാമെന്ന് പറയുകയും തുടര്‍ന്ന് സൈബര്‍ ക്രൈം ഉദേ്യാഗസ്ഥന്‍ എന്ന് ഭാവിച്ച് ഒരാള്‍ പരാതിക്കാരനോട് സംസാരിക്കുകയും ചെയ്തു.

പരാതിക്കാരന്റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് 13 സ്ഥലങ്ങളില്‍ തീവ്രവാദികള്‍ക്ക് വേണ്ടി അക്കൗണ്ട് ഉണ്ടാക്കിയെന്ന് പറഞ്ഞ അയാള്‍ കേസ് അനേ്വഷിക്കുന്ന ഐ.പി.എസ് ഓഫീസറെന്ന വ്യാജേന മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറി. സ്‌കൈപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട പോലീസ് ഉദേ്യാഗസ്ഥന്‍ അതിനായി ഒരു ലിങ്ക് അയച്ചുനല്‍കി. തുടര്‍ന്ന് വീഡിയോ കോളിലെത്തിയ പോലീസ് ഓഫീസറെന്ന് ഭാവിച്ചയാള്‍ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സമ്പാദ്യവുമെല്ലാം ചോദിച്ച് മനസ്സിലാക്കി.

അക്കൗണ്ടിലെ പണം നിയമവിധേയമാണോയെന്ന് അറിയാന്‍ ഫിനാന്‍സ് വകുപ്പിന്റെ സോഫ്റ്റ് വെയറില്‍ പരിശോധിക്കണമെന്നും നിയമവിധേയമാണെങ്കില്‍ പണം തിരിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അവര്‍ നല്‍കിയ അക്കൗണ്ടിലേക്ക് പരാതിക്കാരന്‍ 40,30,000 രൂപ ഓണ്‍ലൈനായി അയച്ചുനല്‍കുകയായിരുന്നു. തുടര്‍ന്ന് അവരെ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് പരാതിക്കാരന് മനസ്സിലായത്. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം നടത്തിവരുന്നു.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്..

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ഒമ്പതുലക്ഷം തട്ടി: എന്‍.സി.പി ബ്ലോക്ക് പ്രസിഡന്റ് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ബാറില്‍ സംഘര്‍ഷം: അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെ കല്ലേറ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ