ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ഒമ്പതുലക്ഷം തട്ടി: എന്‍.സി.പി ബ്ലോക്ക് പ്രസിഡന്റ് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

Editor

അടൂര്‍: ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം വ്യാജ നിയമന ഉത്തരവ് നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ എന്‍സിപി ബ്ലോക്ക് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് അടക്കം മൂന്നു പേര്‍ പിടിയില്‍. ഒമ്പതു ലക്ഷം രൂപ നഷ്ടമായ മലമേക്കര സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം പെരിനാട് വെള്ളിമണ്‍ വിനോദ് ഭവനില്‍ വിനോദ് ബാഹുലേയന്‍ (50), നൂറനാട് ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയത്തില്‍ മുരുകദാസ് കുറുപ്പ് (29), സഹോദരന്‍ അയ്യപ്പദാസ് കുറുപ്പ് (22) എന്നിവരെയാണ് അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതി വിനോദ് എന്‍.സി.പി കുണ്ടറ ബ്ലോക്ക് പ്രസിഡന്റാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിയായി മത്സരിച്ചു. മുന്‍പ് ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 2021 മാര്‍ച്ചില്‍ മുരുകദാസും, അയ്യപ്പദാസും പരാതിക്കാരിക്ക് വിനോദിനെ പരിചയപ്പെടുത്തുകയായിരുന്നു. സര്‍ക്കാര്‍ വകുപ്പുകളില്‍ ഉന്നത ബന്ധങ്ങള്‍ ഉള്ളയാളും പൊതു പ്രവര്‍ത്തകനുമാണെന്നായിരുന്നു പറഞ്ഞിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിയാണെന്ന് കൂടി പറഞ്ഞതോടെ വിശ്വാസ്യത വര്‍ധിച്ചു. പൊതുപ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായതിനാല്‍ വിനോദ് ഒരുപാട് ആളുകള്‍ക്ക് തന്റെ സ്വാധീനം മുഖേനെ ജോലി വാങ്ങി നല്‍കിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയത്. അതിന് ശേഷം തൊട്ടടുത്ത മാസം തന്നെ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ക്ലാര്‍ക്കായി ജോലിയില്‍ നിയമിച്ചു കൊണ്ടുള്ള വ്യാജ ഉത്തരവ് വിനോദ് പരാതിക്കാരിക്ക് നല്‍കി. ജോലിയില്‍ പ്രവേശിക്കുന്നതിന്റെ തലേ ദിവസം ഫോണില്‍ വിളിച്ച് മറ്റൊരു ദിവസം ജോയിന്‍ ചെയ്താല്‍ മതിയെന്ന് അറിയിച്ചു.

പുതിയ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രി മാറി വന്നതാണ് നിയമനം വൈകാന്‍ കാരണമെന്ന് ഇയാള്‍ പരാതിക്കാരിയെ ധരിപ്പിച്ചു. പിന്നീട് നിരവധി തവണ ഇയാള്‍ ഇത്തരത്തില്‍ ഒഴിവുകള്‍ പറഞ്ഞ് മാറി. സംശയം തോന്നിയ പരാതിക്കാരി നിയമന ഉത്തരവ് സുഹൃത്തുക്കെള കാണിച്ചപ്പോഴാണ് വ്യാജമാണെന്ന് മനസിലാകുന്നത്. ചതി മനസിലാക്കിയ പരാതിക്കാരി പണം തിരികെ നല്കാന്‍ ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും വിനോദ് ഒഴിഞ്ഞു മാറി. ഇതേ തുടര്‍ന്ന് പരാതിക്കാരി പോലീസിനെ സമീപിച്ചു.

ജില്ലാ പോലീസ് മേധാവി വി.അജിത്തിന്റെ നിര്‍ദ്ദേശാനുസരണം അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ജയരാജിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് അറിഞ്ഞ പ്രതികള്‍ ഫോണ്‍ ഓഫ് സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോകുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജീവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതികള്‍ നൂറനാട്, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി ഇത്തരത്തില്‍ നിരവധി ആളുകളില്‍ നിന്നും ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തിട്ടുണ്ട്. സമാന തട്ടിപ്പിന് ഇവര്‍ക്കെതിരേ അടൂരില്‍ തന്നെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും. പ്രതികളുടെ തട്ടിപ്പിനിരയായ ആളുകള്‍ ഉണ്ടെങ്കില്‍ അടിയന്തിരമായി അടൂര്‍ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

വിനോദിന്റെ പേരില്‍ വഞ്ചനാ കേസടക്കം നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസ് അറിയിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും, സംഘടനകളുടെയും ഭാരവാഹിയാണെന്ന് പറഞ്ഞു ജനങളുടെ വിശ്വാസം നേടിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തിരുവനന്തപുരത്തുനിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

പാഴ്‌സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ