മിഷോങ് ഇന്ന് കര തൊടും; മണിക്കൂറില്‍ 110 കി.മീ. വേഗം
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയില്‍ ഇന്ന് രാവിലെയോടെ കര തൊടുമെന്നു വിലയിരുത്തല്‍. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബപട്ല, കൃഷ്ണ, ഗോദാവരി, കൊനസീമ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ചെന്നൈയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതവും തുടരുന്നു. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ നഗരത്തില്‍ നിന്ന് വെള്ളം ഇറങ്ങുന്നില്ല.ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ക്ക് ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. റണ്‍വേ വെള്ളക്കെട്ടില്‍ മുങ്ങിയതിനാല്‍ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നു രാവിലെ 9 വരെ നിര്‍ത്തിവച്ചു.
5 പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയില്‍ ചെന്നൈ നഗരം വന്‍ ജലാശയമായി മാറി. കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം താറുമാറായി. വൈദ്യുതാഘാതമേറ്റ് രണ്ടു പേരും മരം വീണ് ഒരാളുമുള്‍പ്പെടെ 5 പേര്‍ മരിച്ചു. ആയിരത്തിലേറെ പേരെ ക്യാംപുകളിലേക്കു മാറ്റി. ഇന്നലെ ഉച്ചവരെ 34 സെമീ മഴയാണ് ചെന്നൈ നഗരത്തില്‍ പെയ്തത്. 2015 ലെ പ്രളയത്തിന് ഇടയാക്കിയത് 33 സെമീ മഴയായിരുന്നു.
Your comment?