മക്കളുടെ മനസ്സലിവിനായി കാത്തിരിക്കുന്നു മുഹമ്മദ് അലി
അടൂര്‍: മക്കളുടേയും ബന്ധുക്കളുടേയും മനസ്സലിവിനായി കാത്തിരിക്കുകയാണ് മുഹമ്മദ് അലി (70) എന്ന വയോധികന്‍.2015-ല്‍ പത്തനംതിട്ട ഭാഗത്ത് അലഞ്ഞ് തിരിഞ്ഞ് കണ്ടതിനെ തുടര്‍ന്ന് പത്തനംതിട്ട പോലീസ് മഹാത്മയിലെത്തിച്ചതാണ് ഇദ്ദേഹത്തെ.ഓര്‍മ്മ നഷ്ടമായ സമയത്ത് വീട് വിട്ട് ഇറങ്ങിയതാണെന്നും, വഴിതെറ്റി പത്തനംതിട്ടയില്‍ എത്തിയതാണെന്നും, താന്‍ ഇടുക്കി മൂന്നാര്‍ പൂപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയാണെന്നും അലി പറഞ്ഞതിനെത്തുടര്‍ന്ന് 2017-ല്‍ അലിയുമായി മഹാത്മ ജനസേവനകേന്ദ്രം പ്രവര്‍ത്തകര്‍ പൂപ്പാറയില്‍ എത്തിയിരുന്നു.
എന്നാല്‍ ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.ഇവര്‍ ഇവിടെ നിന്നും മാറിപ്പോയതായും ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലായെന്നും അവിടെ ഉളള ചിലര്‍ പറഞ്ഞതോടെ അലിയെ തിരികെ കൊണ്ടുവരുകയായിരുന്നു.
ഭാര്യ മരണപ്പെട്ടെന്നും, അലിയുടെ അമ്മ സുബൈദയും, മക്കളായ ബഷീര്‍, പാത്തുമ്മ എന്നിവരോടൊപ്പമായിരുന്നു താമസമെന്നും അലി പറഞ്ഞിരുന്നു.അവരെന്നെങ്കിലും എത്തിയാല്‍ വിവരം നല്‍കുവാന്‍ മഹാത്മയിലെ അഡ്രസ്സ് ഉള്‍പ്പടെ നല്‍കിയിട്ടാണ് മടങ്ങിയത്.
എന്നാല്‍ വര്‍ഷം എട്ട് കഴിഞ്ഞിട്ടും മുഹമ്മദ് അലിയെ തേടി ആരും എത്തിയില്ല.ഭിന്നശേഷിക്കാരനായ അലി ഇപ്പോള്‍ വാര്‍ദ്ധക്യ രോഗാവസ്ഥകളാല്‍ അവശതയിലായിരിക്കുന്നു.മരിക്കും മുമ്പ് മക്കളെ ഒരു നോക്ക് കാണണമെന്ന് അതിയായ ആഗ്രഹം പ്രകടിപ്പിക്കുന്നു.
മുഹമ്മദ് അലിയെ തിരിച്ചറിയുന്നവരോ ബന്ധുക്കളെ കണ്ടെത്തുവാന്‍ സഹായിക്കാന്‍ കഴിയുന്നവരോ ഉണ്ടെങ്കില്‍ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു. ഫോണ്‍ : 04734-299900
Your comment?