കനത്ത മഴയില്‍ സംരക്ഷണ ഭിത്തി തകര്‍ന്നു: വീട് അപകടാവസ്ഥയില്‍
പ്രക്കാനം: കനത്ത മഴയില്‍ സംരക്ഷണഭിത്തി തകര്‍ന്ന് വീട് അപകടാവസ്ഥയിലായി. മാണിക്കത്തറയില്‍ അച്ചന്‍ കുഞ്ഞിന്റെ വീടിനോട് ചേര്‍ന്ന സംരക്ഷണഭിത്തിയാണ് ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് ഉണ്ടായ കനത്ത മഴയില്‍ തകര്‍ന്ന് വീണത്. വീടിന്റെ മതിലിനോട് ചേര്‍ന്ന് വെള്ളമൊഴുക്കുള്ള തോടുണ്ട്. മഴ പെയ്യുന്നതോടെ തോട്ടില്‍ നീരൊഴുക്ക് ശക്തമാകും. മഴ ശക്തമായതിനെ തുടര്‍ന്ന് തോടിനോട് ചേര്‍ന്ന മതിലും അതിന്റെ മുകളില്‍ ഉണ്ടായിരുന്ന സംരക്ഷണഭിത്തിയും നിലംപൊത്തുകയായിരുന്നു.
ഭിത്തി വരെ മണ്ണ് ഒലിച്ച് പോയതിനാല്‍ വീട് അപകട ഭീഷണിയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് അച്ചന്‍ കുഞ്ഞിന് ഉണ്ടായിരിക്കുന്നത് ശക്തമായ മഴ കാരണം തോട്ടിലെ ജല നിരപ്പ് ഉയരുകയും ഒഴുക്കിന് ശക്തി കൂടുകയും ചെയ്തു. സമീപത്തെ പാടശേഖരത്ത് മടവീഴ്ച ഉണ്ടായി. വെറ്റിലക്കൊടി അടക്കം കൃഷിക്ക് വന്‍ നാശം സംഭവിച്ചു. മഴയോട് കൂടി ശക്തമായ ഇടിമിന്നല്‍ ഉണ്ടായതിനെ തുടര്‍ന്ന് ചില വീടുകളിലെ ഗാര്‍ഗിക ഉപകരണങ്ങള്‍ക്കും നഷ്ടം സംഭവിച്ചു. മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ക്കും ലൈനുകള്‍ക്കും നാശം സംഭവിച്ചു.
പ്രക്കാനം, മുട്ടത്തുകോണം തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ചെന്നീര്‍ക്കര പഞ്ചായത്ത് ആറാം വാര്‍ഡ് പനയ്ക്കല്‍ കോളനിയില്‍ ഇന്നലെ വൈകിട്ട് ഉരുള്‍പൊട്ടലുണ്ടായി. പഞ്ചായത്തിന്റെ വിഭവ ഭൂപടത്തില്‍ ചെന്നീര്‍ക്കര എത്തരം, ഈന്താറ്റുപാറ മുതല്‍ മെഴുവേലി പഞ്ചായത്തിലെ ചന്ദനക്കുന്ന് വരെയുള്ള പ്രദേശങ്ങളിലെ ഏറ്റവും ഉയരമേറിയ പനയ്ക്കലിനെ നീര്‍ത്തട പദ്ധതി പ്രദേശമായിട്ടാണ് വ്യാഖ്യാനിച്ചിരിക്കുന്നത്.
Your comment?