കരിക്കനേത്ത് സില്‍ക്ക് ഗലേറിയില്‍ മോഷണം: അന്തര്‍ സംസ്ഥാന മോഷ്ടാകള്‍ പിടിയില്‍
അടൂര്‍: അടൂരിലെ പ്രമുഖ വസ്ത്രവ്യാപാരശാലയുടെ മേല്‍ക്കൂര കുത്തിപ്പൊളിച്ച് മൂന്ന് ലക്ഷത്തിലധികം രൂപയും, വസ്ത്രങ്ങളും മോഷണം ചെയ്‌തെടുത്ത കേസില്‍ അന്തര്‍ സംസ്ഥാന മോഷ്ടാകളായ മൂന്ന് പേരെ അടൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ദിവസങ്ങള്‍ നീണ്ട അന്വേഷത്തിനൊടുവില്‍ അറസ്റ്റ് ചെയ്തു.ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് ആഗ്ര ജില്ലയില്‍, കുബേര്‍പ്പൂര്‍ എന്ന സ്ഥലത്ത് തെഹസില്‍ദാര്‍ സിംഗ് മകന്‍ രാഹുല്‍ സിംഗ് വയസ്സ് 29. ഉത്തര്‍പ്രദേശ് സംസ്ഥാനത്തില്‍ ഈറ്റ ജില്ലയില്‍ ജലേസര്‍ എന്ന സ്ഥലത്ത് രാജകുമാര്‍ മകന്‍ അങ്കൂര്‍ വയസ്സ് 29. ഒന്നാം പ്രതി രാഹുലിന്റെ സഹോദരന്‍ ഓം പ്രകാശ്, 51 വയസ്സ് എന്നിവരെയാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത് IPS ന്റെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
അടൂര്‍ ടൗണിലെ കരിക്കനേത്ത് സില്‍ക്ക് ഗലേറിയ എന്ന വസ്ത്ര വ്യാപാരശാലയില്‍ കഴിഞ്ഞമാസം പതിനെട്ടാം തീയതി രാത്രിയിലും പത്തൊമ്പതാം തീയതി പുലര്‍ച്ചയുമായാണ് മേല്‍ക്കൂരയുടെ ഷീറ്റിളക്കി അകത്തിറങ്ങിയ മോഷ്ടാക്കള്‍ പണവും, വസ്ത്രങ്ങളും മോഷണം ചെയ്ത ശേഷം കടന്നു കളഞ്ഞത്.
കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള പൈപ്പ് വഴി മോഷ്ടാക്കള്‍ അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ മുകളില്‍ കയറി മേല്‍ക്കൂരയുടെ ഷീറ്റ് ഇളക്കി മാറ്റിയശേഷം മുകളിലത്തെ ഭിത്തി തുരന്ന് കടയിലെ ഉള്ളില്‍ കയറി ക്യാഷ് കൗണ്ടറില്‍സൂക്ഷിച്ചിരുന്ന പണവും, വസ്ത്രങ്ങളും മോഷണം ചെയ്ത് കടന്നു കളയുകയായിരുന്നു.രാവിലെ ജീവനക്കാര്‍ വസ്ത്ര വ്യാപാരശാലയില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നതും അടൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുന്നതും, ഉടമയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഫിംഗര്‍പ്രിന്റ്, സയന്റിഫിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രാഥമിക തെളിവുകള്‍ ശേഖരിച്ചിരുന്നു. സംഭവസ്ഥലത്ത് എത്തിയ അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ജയരാജിന്റെ മേല്‍നോട്ടത്തില്‍ അടൂര്‍ സി.ഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം സംഭവ ദിവസം തന്നെ രൂപീകരിക്കുകയായിരുന്നു. സ്ഥാപനത്തിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികള്‍ അന്യസംസ്ഥാനക്കാര്‍ ആണെന്ന് തിരിച്ചറിയുകയായിരുന്നു.
ആദ്യഘട്ടത്തില്‍ ഈ സ്ഥാപനത്തിലെയും, പരിസര സ്ഥാപനങ്ങളിലെയും അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിട്ടുള്ള തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.തുടര്‍ന്ന് അടൂര്‍ ടൗണില്‍ ക്യാമറകളുടെ അഭാവം ഉള്ളതിനാല്‍ പരിസരപ്രദേശങ്ങളിലെയും, കച്ചവട സ്ഥാപനങ്ങളിലെയും നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികള്‍ കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പ് പ്രതികള്‍ അടൂരിലേക്ക് വന്ന സി.സി.ടി.വി ദൃശ്യങ്ങളും, കുറ്റകൃത്യത്തിന് ശേഷം രക്ഷപ്പെട്ട വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ കൊല്ലം ഭാഗത്തേക്ക് പോയിട്ടുള്ളതായി മനസ്സിലാക്കിയ പോലീസ് കൊട്ടാരക്കര, കൊല്ലം തിരുവനന്തപുരം ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ്കളിലും, റെയില്‍വേ സ്റ്റേഷനുകളിലും, ലോഡ്ജുകളിലും വ്യാപക പരിശോധനയും അന്വേഷണവും നടത്തി വരവേ പ്രതികള്‍ കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം എത്തിയിട്ടുള്ള ദൃശ്യങ്ങള്‍ ലഭിക്കുകയും, ദിവസങ്ങളോളം ഈ പ്രദേശത്തെ നിരവധി cctv ക്യാമറകളും, ലോഡ്ജുകളും പരിശോധിച്ചതില്‍ പ്രതികള്‍ എന്ന സംശയിക്കുന്ന ആളുകള്‍ റൂമെടുത്ത ലോഡ്ജ് കണ്ടെത്തി. ഈ ലോഡ്ജില്‍ നല്‍കിയ മേല്‍വിലാസവും, ഫോണ്‍നമ്പരും പരിശോധിച്ചതില്‍ ഫോണ്‍ നമ്പര്‍ നിലവില്‍ ഉപയോഗത്തില്ലാത്തതാണെന്നും, മേല്‍വിലാസം പൂര്‍ണമല്ലെന്നും കണ്ടെത്തി. ടി മേല്‍വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ആണെന്നുള്ള വിവരം ലഭിച്ചു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ നിരന്തരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ട്രെയിനില്‍ സഞ്ചരിക്കുന്നതായി മനസ്സിലാക്കിയ അന്വേഷണ സംഘം, പ്രതികള്‍ ഡല്‍ഹിയിലുള്ളതായി സംശയിച്ച് ഡല്‍ഹിയിലേക്ക് ട്രെയിന്‍ മാര്‍ഗം യാത്ര തിരിച്ചെങ്കിലും, യാത്രാമധ്യേ പ്രതികള്‍ ഡല്‍ഹിയില്‍ നിന്നും തെക്കന്‍ സംസ്ഥാനങ്ങളിലേക്ക് വീണ്ടും വരുന്നതായി വിവരം ലഭിച്ചതിന് തുടര്‍ന്ന്,അന്വേഷണ സംഘം മഹാരാഷ്ടയില്‍ നിന്നും വിമാനമാര്‍ഗം കര്‍ണാടകയില്‍ എത്തി പ്രതികളെ പിന്തുടര്‍ന്ന് തമിഴ്‌നാട്ടിലെത്തി പുളിയന്‍കുടിയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതികള്‍ മോഷണം ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ എത്തിയാല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്യാറുണ്ട്, കര്‍ണാടകയിലെത്തി ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തപ്രതികളെ കണ്ടെത്തതാന്‍ അന്വേഷണ സംഘം വളരെ ബുദ്ധിമുട്ടിയിരുന്നു.
മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പ്രതികളെ അടൂര്‍ ഡി.വൈ. എസ്. പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതില്‍ പ്രതികള്‍ സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി സമാന കുറ്റകൃത്യങ്ങള്‍ ചെയ്തതായി സംശയിക്കുന്നതായും കേരളത്തില്‍ തൃശൂര്‍ കുന്നംകുളം, കൊല്ലം കൊട്ടിയം, വയനാട് സുല്‍ത്താന്‍ ബത്തേരി കോഴിക്കോട് ഫറോക്ക് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ നടന്ന വലിയ മോഷണങ്ങളില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും, കൂടുതല്‍ അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ നിരന്തരം ട്രെയിനില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി മോഷണം നടത്തിയ ശേഷം സ്വന്തം നാട്ടിലേക്ക് പോകാതെ മറ്റു സംസ്ഥാനങ്ങളിലെത്തി വീണ്ടും മോഷണം നടത്തി വരികയാണെന്ന് പോലീസ് വിലയിരുത്തുന്നു. പ്രതികള്‍ നിരന്തരം ബാംഗ്‌ളൂര്‍, കോയമ്പത്തൂര്‍, ചെന്നൈ, തുടങ്ങിയ വലിയ നഗരങ്ങളില്‍ എത്തുകയും ഫോണ്‍ സ്വിച്ചോഫ് ആക്കി പിന്നീട് അടുത്ത സംസ്ഥനങ്ങളിലേക്ക് പോയിട്ടുള്ളതായും, ഇത് ടി സ്ഥലത്ത് മോഷണം നടത്തിയ ശേഷമാകാമെന്നും, ടി സ്ഥലങ്ങളിലെ പോലീസിനോട് ബന്ധപ്പെട്ടാല്‍ മാത്രമേ കൂടുതല്‍ വ്യകതത വരികയുള്ളു എന്നും പോലീസ് അറിയിച്ചു. ഈ കേസിലെ മുഖ്യപ്രതിയായ രാഹുല്‍ ഓരോ മോഷണങ്ങളിലും പ്രത്യേകം ആളുകളെ തിരഞ്ഞെടുത്ത് കൂടെ കൂടി വന്നിരുന്നതായും, രാഹുലിന്റെ സഹോദരനും മൂന്നാം പ്രതിയുമായ ഓം പ്രകാശ് ബെല്‍റ്റ് കച്ചവടത്തിന്റെ മറവില്‍ വിവിധ സ്ഥലങ്ങളിലെത്തി കച്ചവട സ്ഥാപനങ്ങളുടെ വിവിരങ്ങള്‍ ഒന്നാം പ്രതിക്ക് നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
വിശ്രമമില്ലാതെ രാത്രിയും പകലും ദിവസങ്ങളോളം നടത്തിയ കൃത്യമായ അന്വേഷണത്തിനുള്ളിലാണ് പ്രതികള്‍ പോലീസിന്റെ വലയിലാവുന്നത്. സംഭവത്തിനുശേഷം ഏകദേശം ആയിരക്കണക്കിന് കോള്‍ ഡീറ്റെയില്‍സുകളും, നൂറോളം സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ റെയില്‍വേ സ്റ്റേഷനുകള്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകള്‍, ലോഡ്ജുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനാണ് പ്രതികളെക്കുറിച്ചുള്ള ആദ്യ സൂചന പോലീസിന് ലഭിക്കുന്നത്. രാത്രിയിലും കച്ചവടം നടക്കുന്ന വസ്ത്ര വ്യാപാരശാലകളില്‍ പൊതുവെ അധികമായി പണം lസൂക്ഷിച്ചിട്ടുണ്ടാവും എന്നുള്ള ബോധ്യത്തിലാണ് പ്രതികള്‍ നിരന്തരംവസ്ത്ര വ്യാപാരശാലകള്‍ മോഷണത്തിനായി തിരഞ്ഞെടുക്കുന്നത് എന്നാണ് പോലീസിന്റെ നിരീക്ഷണം. പ്രതികള്‍ ഒരു സ്ഥലത്തെത്തി ഗൂഗിളിലും മറ്റും പരിശോധിച്ചാണ് കടകള്‍ കണ്ടെത്തുന്നതെന്നും, മോഷണത്തിന് മുമ്പ് സ്ഥലത്ത് എത്തി കെട്ടിടം കൃത്യമായി നിരീക്ഷിക്കുമെന്നും അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. അറസ്റ്റിലായ പ്രതികളില്‍ നിന്നും വസ്ത്രശാലയില്‍ നിന്നും മോഷ്ടിച്ച, പണവും, വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അടൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എം.മനീഷ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ സൂരജ്.ആര്‍.കെ,ശ്യാംകുമാര്‍, പ്രവീണ്‍.റ്റി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും, കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താലേ സംസ്ഥാനത്തിനകത്തും, പുറത്തും പ്രതികള്‍ ചെയ്തിട്ടുള്ള കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ബോധ്യമാകു എന്നും അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ജയരാജ് അറിയിച്ചു.
Your comment?