ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ച് ഉപേക്ഷിച്ച പീതാംബരന് അടൂര്‍ മഹാത്മയില്‍ അഭയം
പത്തനംതിട്ട/അടൂര്‍ : ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് വന്നിരുന്ന കിടപ്പ് രോഗിയായ തേക്കുതോട് പ്ലാമൂട്ടില്‍ പടിഞ്ഞാറ്റേതില്‍ വീട്ടില്‍ പീതാംബരന്‍ (60)നെ ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ ഷംലാ ബീഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു.
ഭാര്യയും രണ്ട് മക്കളും സഹോദരങ്ങളും ഉണ്ടെന്നും, താന്‍ ജോലിക്കിടയില്‍ വീണ് കിടപ്പായതാണെന്നും, തന്റെ ദയനീയ അവസ്ഥയില്‍ എല്ലാവരും ഉപേക്ഷിച്ച് പോയതാണെന്നും പീതാംബരന്‍ പറഞ്ഞു.
കഴിഞ്ഞ ഇരുപത് ദിവസത്തോളമായി ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒ ഡോ: ഷീജ കെ. എച്ച്.ന്റെ നേതൃത്വത്തില്‍ ജീവനക്കാരാണ് ഇദ്ദേഹത്തെ എല്ലാവിധത്തിലും സംരക്ഷിച്ചിരുന്നത്. പരസഹായമില്ലാതെ ദിനചര്യകള്‍പോലും ചെയ്യാനാകാത്ത ഇദ്ദേഹത്തിന്റെ ദുരവസ്ഥ ആശുപത്രി സൂപ്രണ്ട് ജില്ലാ സാമൂഹ്യ നീതി വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.
മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷില്‍ഡ, എന്നിവര്‍ സ്ഥലത്തെത്തി സാമൂഹ്യനീതി ഓഫീസര്‍ ഷംല ബീഗം, മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷീജ കെ. എച്ച് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇദ്ദേഹത്തെ ഏറ്റെടുക്കുകയായിരുന്നു. ആവശ്യമായ സംരക്ഷണവും ചികിത്സയും ഉറപ്പാക്കുമെന്ന് മഹാത്മ ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു.
Your comment?