അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറം, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. മിസോറമില്‍ നവംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡില്‍ രണ്ടു ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ടം നവംബര്‍ ഏഴിനും രണ്ടാം ഘട്ടം നവംബര്‍ 17നും. മധ്യപ്രദേശില്‍ നവംബര്‍ 17നും രാജസ്ഥാനില്‍ നവംബര്‍ 23നും തെലങ്കാനയില്‍ നവംബര്‍ 30നുമാകും വോട്ടെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലും ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ 679 മണ്ഡലങ്ങളിലായി 16.14 കോടി ജനങ്ങള്‍ വിധിയെഴുതും. അഞ്ച് സംസ്ഥാനങ്ങളിലുമായി 60.2 ലക്ഷം കന്നിവോട്ടര്‍മാരാണുള്ളതെന്നും കമ്മിഷന്‍ വ്യക്തമാക്കി. 1.77 ലക്ഷം പോളിങ് ബൂത്തുകള്‍ അഞ്ചുസംസ്ഥാനങ്ങളിലായി സജ്ജമാക്കും. 1.01 ലക്ഷം പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും.
മിസോറമില്‍ നിയമസഭയുടെ കാലാവധി ഡിസംബര്‍ 17ന് അവസാനിക്കും. മിസോ നാഷണല്‍ ഫ്രണ്ടാണ് അവിടെ അധികാരത്തിലിരിക്കുന്നത്. മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം ജനുവരിയിലാണ് നിയമസഭകളുടെ കാലാവധി അവസാനിക്കുന്നത്. മധ്യപ്രദേശ് ബിജെപിയാണു ഭരിക്കുന്നത്. ഛത്തിസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരും തെലങ്കാനയില്‍ ബിആര്‍എസുമാണ് അധികാരത്തിലുള്ളത്.
Your comment?