വാട്ടര്‍ അതോറിറ്റിക്ക് വേണ്ടി റോഡ് തകര്‍ത്ത് മണ്ണ് മാഫിയ: പഞ്ചായത്ത് അധികൃതര്‍ക്ക് മൗനം
കടമ്പനാട്: കുടിവെള്ളം ശേഖരിക്കുന്നതിനുള്ള ടാങ്ക് നിര്‍മ്മാണത്തിന്റെ ഭാഗമായി മലങ്കാവ് ശുദ്ധീകരണ ശാലയ്ക്ക് സമീപത്തു നിന്നും മണ്ണ് വലിയ ടോറസുകളില്‍ കൊണ്ടു പോകുന്നതു കാരണം റോഡ് തകര്‍ന്നു.ഇതിനെ തുടര്‍ന്ന് വാര്‍ട്ടര്‍ അതോറിറ്റിക്ക് കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും വീണ്ടും മണ്ണെടുപ്പ് നടക്കുകയാണ്.
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ടാങ്ക് നിര്‍മ്മിക്കുന്ന കടമ്പനാട് മലങ്കാവ് ഭാഗത്തു നിന്നുമാണ് മണ്ണ് മാറ്റുന്നത്. ഇതു കാരണം ആനമുക്ക് – മലങ്കാവ് റോഡാണ് തകര്‍ന്നതായി നാട്ടുകാര്‍ക്കിടയില്‍ പരാതിയുള്ളത്. ജിയോളജി വകുപ്പില്‍ നിന്നും അനുമതി വാങ്ങിയ ശേഷമാണ് മണ്ണെടുക്കുന്നത്. എന്നാല്‍ മണ്ണെടുക്കുന്നതിനും അത് കൊണ്ടു പോകുന്നതിനുമുള്ള ജിയോളജി വകുപ്പ് നിര്‍ദ്ദേശിക്കുന്ന ഒരു മാനദണ്ഡവും മണ്ണെടുക്കുന്ന കരാറുകാര്‍ പാലിക്കുന്നില്ല.
വലിയ ടോറസുകള്‍ ചെറിയ റോഡിലൂടെ അമിതഭാരവും കയറ്റി പോകാന്‍ തുടങ്ങിയതോടെ റോഡ് തകര്‍ന്നതായിട്ടുള്ള പരാതി വ്യാപകമായതോടെയാണ് മണ്ണെടുക്കുന്ന പ്രവൃത്തി നിര്‍ത്തി വയ്ക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് പറയുന്നു. മണ്ണെടുക്കുന്നതിന് വാട്ടര്‍ അതോറിറ്റി പഞ്ചായത്തുമായിട്ടാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതിനാലാണ് വാട്ടര്‍ അതോറിറ്റിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
റോഡ് തകരുന്നതു സംബന്ധിച്ച് ഗ്രാമപഞ്ചായത്തംഗം കെ.ജി.ശിവദാസന്‍ പഞ്ചായത്തില്‍ പരാതിയും നല്‍കിയിരുന്നു. ആറ് മീറ്റര്‍ വീതിയുള്ള റോഡില്‍ കൂടി പത്ത് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ലോറിയാണ് ആദ്യം മുതല്‍ കടന്നു പോകുന്നത്. ഇത് സംബന്ധിച്ച് മുമ്പ് വാട്ടര്‍ അതോറിക്ക് പരാതി നല്‍കിയതാണ്. എന്നാല്‍ തുടര്‍ന്നും ഇതേ പ്രവര്‍ത്തി തുടരുകയായിരുന്നു.
Your comment?