കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കി വ്യാപാരി
അടൂര്‍: കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കി വ്യാപാരി. അടൂര്‍ എക്‌സ്പീരിയ ബൊബൈല്‍ കടയുടെ ഉടമ അന്‍ഷാദാണ് കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് തിരികെ നല്‍കിയത്. കിളിവയല്‍ വിഷ്ണു ഭവനില്‍ വിഷ്ണു രാജിന്റെയായിരുന്നു പണവും പഴ്‌സും.
വെള്ളിയാഴ്ച കിളിവയല്‍ ജങ്ഷനു സമീപം വച്ചാണ് വിഷ്ണുരാജിന്റെ കയ്യില്‍ നിന്നും അബദ്ധത്തില്‍ പഴ്‌സ് നഷ്ടപ്പെടുന്നത്. കച്ചവട ആവശ്യവുമായി ബന്ധപ്പെട്ട് ഏനാത്ത് പോയി തിരികെ വരുന്ന വഴിക്ക് ചായ കുടിക്കാന്‍ ഇറങ്ങിയതായിരുന്നു അന്‍ഷാദ്. ഈ സമയം താഴെ കിടക്കുന്ന പഴ്‌സ് ശ്രദ്ധയില്‍പ്പെട്ടു. പരിശോധനയില്‍ പഴ്‌സിനകത്ത് പണത്തെ കൂടാതെ ഫെഡറല്‍ ബാങ്കിന്റെ ഒരു എ.ടി.എം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് എ.ടി.എമ്മിന്റെ ഫോട്ടോ അടൂര്‍ ഫെഡറല്‍ ബാങ്ക് മാനേജര്‍ക്ക് വാട്‌സാപ്പ് വഴി അയച്ചു നല്‍കിയ ശേഷം പഴ്‌സ്
അടൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കി. ഇതിനിടയില്‍ നഴ്ടമായ എ.ടി.എം താത്ക്കാലികമായി വിഛേദിക്കാന്‍ വിഷ്ണു രാജ് അടൂര്‍ ഫെഡറല്‍ ബാങ്കില്‍ ബന്ധപ്പെട്ടു.
ഇതോടെയാണ് പഴ്‌സ് അടൂര്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടെന്ന വിവരം ബാങ്ക് മാനേജര്‍ വിഷ്ണു രാജിനെ ധരിപ്പിച്ചു. തുടര്‍ന്ന് അടൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് പോലീസുകാരുടെ സാന്നിധ്യത്തില്‍ പണമടങ്ങിയ പഴ്‌സും മറ്റ് രേഖകളും അന്‍ഷാദ് വിഷ്ണുരാജിന് കൈമാറി. 7640 രൂപയും എ.ടി.എം കാര്‍ഡ്, മറ്റ് രേഖകള്‍ എന്നിവയായിരുന്നു പഴ്‌സില്‍ ഉണ്ടായിരുന്നത്.
Your comment?