വി. അജിത്ത് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റു
പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിയായി വി. അജിത്ത് ചുമതലയേറ്റു. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഡോ. ആര്‍. ജോസ് ചേമ്പറില്‍ അദ്ദേഹത്തെ പൂച്ചെണ്ടുനല്‍കി സ്വീകരിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരിക്കെയാണ് പുതിയ നിയമനം. സ്വപ്നില്‍ മധുകര്‍ മഹാജന്‍ ദേശീയ അന്വേഷണ ഏജന്‍സിയില്‍ പോലീസ് സൂപ്രണ്ട് ആയി നിയമിതനായതിനെ തുടര്‍ന്ന്, കോട്ടയം ജില്ലാ പോലീസ് മേധാവി കാര്‍ത്തിക്കിനായിരുന്നു ജില്ലയുടെ ചുമതല.
ദീര്‍ഘകാലം വിവിധ റാങ്കുകളില്‍ ജില്ലയില്‍ ജോലിചെയ്ത അനുഭവസമ്പത്തുമായാണ് പുതിയ പോലീസ് മേധാവി ചുമതല ഏല്‍ക്കുന്നത്. അടൂര്‍ സി.ഐ, ഡിവൈ.എസ്.പി, വിജിലന്‍സ് ഡിവൈ.എസ്.പി എന്നീ നിലകളില്‍ ആറു വര്‍ഷത്തോളം ജില്ലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2020 ബാച്ചിലാണ് ഐ.പി.എസ് ലഭിച്ചത്. ദക്ഷിണ മേഖലാ ട്രാഫിക് എസ്പി ആയി ജോലിചെയ്യുന്ന കാലയളവില്‍ സ്തുത്യര്‍ഹ സേവനം പരിഗണിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ് പി, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഡിസിപി, പോലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ്പി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വര്‍ക്കല സ്വദേശിയാണ്. ഭാര്യ എം ആര്‍ മിനി, മക്കള്‍ ഗായത്രി, കൃഷ്ണനുണ്ണി.
സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ അഡിഷണല്‍ എസ് പി ആര്‍ പ്രദീപ് കുമാര്‍, ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ജി.ബിനു, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ വിദ്യാധരന്‍, ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പി ജി. സുനില്‍ കുമാര്‍, സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരായ എസ്. നന്ദകുമാര്‍, എസ്. അഷാദ്, ടി രാജപ്പന്‍, ആര്‍. ബിനു, ആര്‍. ജയരാജ് എന്നിവരും സന്നിഹിതരായിരുന്നു.
Your comment?