വൈദ്യുതി പ്രതിസന്ധിയില്‍ എന്തു നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ എന്തു നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. പുറമേ നിന്നു വൈദ്യുതി വാങ്ങുന്നതില്‍ തീരുമാനം എടുക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അടിയന്തര യോഗം ചേര്‍ന്നിരുന്നു.
ഈ മാസം 25നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും. കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി കെ.കൃഷ്ണന്‍ കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇടുക്കി അണക്കെട്ടില്‍ സംഭരണ ശേഷിയുടെ 31 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. ഇതുപയോഗിച്ച് 669.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉല്‍പാദിപ്പിക്കാന്‍ കഴിയുക. നിലവില്‍ മൂലമറ്റം വൈദ്യുതി നിലയത്തില്‍ ശരാശരി 4.2 ദശലക്ഷം യൂണിറ്റ് മാത്രമാണ് പ്രതിദിന വൈദ്യുതി ഉല്‍പാദനം. ഈ രീതിയില്‍ 150 ദിവസത്തേക്ക് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം മാത്രമാണ് ഉണ്ടാകുക. തുലാവര്‍ഷമോ വേനല്‍മഴയോ കനിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമാകും.
Your comment?