വാഹനമിടിച്ച് പരുക്കേറ്റ ഗര്‍ഭിണിയായ പശു എഴുന്നേല്‍ക്കാനാവാതെ പുരയിടത്തില്‍

ഏനാത്ത് :ജീവിത മാര്‍ഗമായ പശുക്കളിലൊന്ന് വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായതോടെ ക്ഷീര കര്‍ഷകന്‍ സങ്കടത്തിലായി. ജീവന്‍ രക്ഷിക്കാന്‍ രാവും പകലും പറമ്പില്‍ പശുവിന് കാവലിരിക്കുകയാണ് ജയ മന്ദിരത്തില്‍ അനില്‍. ആറു മാസം ഗര്‍ഭിണിയായ പശുവിനെയാണ് വാഹനം ഇടിച്ചത്. കഴിഞ്ഞ 11 ന് പെട്രോള്‍ പമ്പിനു സമീപം റോഡരികിലൂടെ പശു നടന്നു നീങ്ങുമ്പോഴാണ് മിനി ലോറി ഇടിച്ചത്. വെറ്ററിനറി വിദഗ്ധര്‍ എത്തി എക്‌സ്‌റേ പരിശോധന ഉള്‍പ്പെടെ നടത്തി. മുതുകു ഭാഗത്ത് സാരമായി പരുക്കേറ്റതിനാല്‍ പശുവിന് നില്‍ക്കാന്‍ കഴിയുന്നില്ല.
ഇത് പശുവിനൊപ്പം കുട്ടിയുടെയും ജീവന്‍ അപകടത്തിലാക്കുന്നു. പ്രത്യേക ഉപകരണം ഉപയോഗപ്പെടുത്തി പശുവിനെ ഉയര്‍ത്തി നിര്‍ത്തണമെന്നാണ് വെറ്ററിനറി വിദഗ്ധരുടെ നിര്‍ദേശം. അനിലിന് സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ കാലിത്തൊഴുത്തിന് സര്‍ക്കാര്‍ വായ്പയും ലഭിക്കുന്നില്ല. അതിനാല്‍ കന്നുകാലികളെ സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് പരിപാലിക്കുന്നത്.
തെരുവു നായ ശല്യം കണക്കിലെടുത്ത് ഒരാഴ്ചയായി പറമ്പില്‍ കിടക്കുന്ന പശുവിന് ഉറക്കമിളച്ച് കാവലിരിക്കുകയാണ് അനില്‍.റോഡരികിലെ പരിമിതമായ സാഹചര്യത്തിലാണ് പശു ആട് എന്നിവയെ വളര്‍ത്തി അനില്‍ ജീവിതം കഴിയുന്നത്. പശുവിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള മാര്‍ഗം തേടുന്നതിനൊപ്പം 15 കന്നുകാലികളെ സംരക്ഷിക്കുന്നതിന് കാലിത്തൊഴുത്തിനായും കാത്തിരിപ്പിലാണ് ഈ കര്‍ഷകന്‍.
Your comment?