പതിനാറുകാരിയുടെ പരാതി അന്വേഷിക്കാന്‍ മിനിറ്റുകള്‍ക്കുള്ളില്‍ പറന്നെത്തിയ പൊലീസ് അമ്മയുടെ ജീവന്‍ രക്ഷിച്ചു
ഏറ്റുമാനൂര്‍: സഹായം അഭ്യര്‍ഥിച്ചു വിളിച്ച പതിനാറുകാരിയുടെ പരാതി അന്വേഷിക്കാന്‍ മിനിറ്റുകള്‍ക്കുള്ളില്‍ പറന്നെത്തിയ പൊലീസ് അമ്മയുടെ ജീവന്‍ രക്ഷിച്ചു. മകളുമായി വഴക്കിട്ട് അമിത അളവില്‍ ഗുളിക കഴിച്ച് മരണത്തോടു മല്ലടിക്കുന്ന വീട്ടമ്മയെയാണ് അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് പൊലീസ് രക്ഷപ്പെടുത്തിയത്. പൊലീസിനു തോന്നിയ സംശയമാണ് വീട്ടമ്മയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. ഒരു രാത്രി മുഴുവന്‍ വിവിധ ആശുപത്രികളിലായി നെട്ടോട്ടമോടിയ പൊലീസ് പുലര്‍ച്ചെയോടെ വീട്ടമ്മ സുഖം പ്രാപിച്ചു എന്ന ഉറപ്പുവരുത്തിയാണ് ദൗത്യം അവസാനിപ്പിച്ചത്.
വെള്ളി രാത്രി പത്തരയോടെയാണ് പെണ്‍കുട്ടി സഹായം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചത്. അമ്മ, വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നും പെരുവഴിയില്‍ നില്‍ക്കുകയാണെന്നും പൊലീസ് സഹായം വേണമെന്നുമാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. പരാതി കേട്ടയുടന്‍ എസ്‌ഐ എച്ച്.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തേക്കു കുതിച്ചു. അവിടെയെത്തിയപ്പോള്‍ വീട്ടില്‍ നിന്ന് 50 മീറ്റര്‍ ദൂരത്തില്‍ റോഡില്‍ ഇറങ്ങി നില്‍ക്കുകയാണ് വിദ്യാര്‍ഥിനി. കാര്യം അന്വേഷിച്ചപ്പോള്‍, അമ്മ തനിക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും ഉപദ്രവിക്കുകയാണെന്നും വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നും പറഞ്ഞു.
വിദ്യാര്‍ഥിനിയെ അനുനയിപ്പിച്ച പൊലീസ് കുട്ടിയെയും കൂട്ടി വീട്ടിലേക്കു ചെന്നു. അവിടെയെത്തിയപ്പോള്‍ വീട്ടിലെ ഉപകരണങ്ങളില്‍ ചിലത് തല്ലിത്തകര്‍ത്ത നിലയിലായിരുന്നു. ചോദിച്ചപ്പോള്‍ അമ്മയോടുള്ള ദേഷ്യത്തില്‍ താന്‍ തന്നെയാണ് അവ തല്ലിത്തകര്‍ത്തതെന്നു പെണ്‍കുട്ടി പറഞ്ഞു. രാത്രി സിനിമയ്ക്കു കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അമ്മ സമ്മതിച്ചില്ല എന്നതാണ് വിദ്യാര്‍ഥിനിയുടെ പരാതി.
യുകെയില്‍ പഠിക്കുന്ന പെണ്‍കുട്ടി കഴിഞ്ഞ ഇടയ്ക്കാണ് നാട്ടിലെത്തിയത്. നാളെ യുകെയിലേക്ക് തിരിച്ചു പോകാന്‍ ഇരിക്കുകയായിരുന്നു കുടുംബം. ഈ സാഹചര്യത്തില്‍ രാത്രികാല യാത്ര വേണ്ട എന്ന് അമ്മ പറഞ്ഞതാണ് പെണ്‍കുട്ടിയെ ചൊടിപ്പിച്ചത്.
Your comment?