ഒന്നേകാല്‍ ലക്ഷത്തിന്റെ മത്സ്യം മോഷ്ടിച്ചു കടത്തി: മൂന്നു പേര്‍ അറസ്റ്റില്‍
അടൂര്‍: ഫിഷ് സ്റ്റാളില്‍ സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ ലക്ഷത്തോളം രൂപ വില വരുന്ന മത്സ്യം മോഷ്ടിച്ചു കടത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പന്നിവിഴ പുലികണ്ണാല്‍ വീട്ടില്‍ ശ്രീജിത്ത് (40), കണ്ണംകോട് ചാവടി തെക്കേതില്‍ മണി എന്നു വിളിക്കുന്ന അനില്‍കുമാര്‍(43), പന്നിവിഴ മംഗലത്ത് വീട്ടില്‍ വിഷ്ണു (29) എന്നിവരാണ് അറസ്റ്റിലായത്.
അടൂര്‍-തട്ട റോഡില്‍ മുന്‍സിപ്പാലിറ്റി വക മാര്‍ക്കറ്റില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണങ്കോട് കൊച്ചയ്യത്ത് നസറുദ്ദീന്‍ റാവുത്തറുടെ സെന്‍ട്രല്‍ ഫിഷ് സ്റ്റാളില്‍ നിന്നും നെയ് മീന്‍, വറ്റ, കണ്ണടി വറ്റ, കേര എന്എന്നിവയാണ് മോഷ്ടിച്ചത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: നാസറുദ്ദീന്‍ വാടകയ്ക്ക് കടമുറി എടുത്ത് വര്‍ഷങ്ങളായി പച്ചമീന്‍ കച്ചവടം നടത്തി വരികെയാണ്. ഇവിടെ നിന്ന് 12 ന് പുലര്‍ച്ചെയാണ് മത്സ്യം മോഷ്ടിച്ചത്. പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും കാമറകള്‍ പരിശോധിച്ച് സംശയമുള്ള വാഹനങ്ങള്‍ വെരിഫൈ ചെയ്തു. പ്രതികള്‍ മത്സ്യം കടത്തിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ തിരിച്ചറിഞ്ഞു. അങ്ങനെ ശ്രീജിത്തിനെയും അനിലിനെയും കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ പിടിയിലായ വിവരം അറിഞ്ഞ് മുങ്ങിയ വിഷ്ണുവിനെ ഇന്നലെ രാത്രിയോടെ ഇളമണ്ണൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ശ്രീജിത്തും, അനിലും അടൂര്‍ സ്റ്റേഷനിലെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ഡിവൈ.എസ്.പി ആര്‍ ജയരാജിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ എം. മനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ് ആര്‍. കുറുപ്പ്, ശ്യാം കുമാര്‍, അനസ് അലി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മല്‍സ്യം കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം പൊലീസ് കോടതിക്ക് കൈമാറും.
Your comment?