കൊട്ടാരക്കര അപകടം ‘തിരക്കാനുള്ള മര്യാദപോലും മന്ത്രിക്കുണ്ടായില്ല’
കൊട്ടാരക്കര: മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം രോഗിയുമായി പോയ ആംബുലന്‍സില്‍ ഇടിച്ച് അപകടമുണ്ടായ സംഭവത്തില്‍ അന്വേഷിക്കാനുള്ള സാമാന്യ മര്യാദപോലും മന്ത്രിക്കുണ്ടായില്ലെന്ന് ആംബുലന്‍സിലുണ്ടായിരുന്ന രോഗി ദേവികയുടെ ഭര്‍ത്താവ് എസ്.എല്‍.അശ്വകുമാര്‍.
”അപകടമുണ്ടായപ്പോള്‍ മന്ത്രി ഇറങ്ങി തിരക്കിയെന്ന് പറയുന്നു. എന്നാല്‍ ഞങ്ങളോട് തിരക്കിയിട്ടില്ല. മന്ത്രിയുടെ ഓഫീസില്‍ നിന്ന് ബന്ധപ്പെട്ടിട്ടുമില്ല. എന്റെ ഭാര്യ ഐസിയുവിലാണ്. ഇനി കീഹോള്‍ ശസ്ത്രക്രിയ ചെയ്യണം. പൊലീസ് എന്നെ സ്റ്റേഷനിലേക്ക് വിളിച്ച് മൊഴിയെടുപ്പിക്കാനാണ് ശ്രമിച്ചത്. എനിക്ക് തോളെല്ലിന് പൊട്ടലുണ്ട്. ഇതു പോലും പരിഗണിക്കാതെയാണ് മൊഴിയെടുക്കാന്‍ ശ്രമിച്ചത്. ആംബലുന്‍സ് ഡ്രൈവര്‍ ഞങ്ങളെ സഹായിക്കാനാണ് ശ്രമിച്ചത്. ആംബലുന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കേണ്ട സാഹചര്യമില്ല. പൊലീസ് ജീപ്പ് ഡ്രൈവറാണ് തെറ്റുകാണിച്ചത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ട രോഗിയെ വേഗത്തിലെത്തിക്കാനായിരുന്നു ശ്രമം.
ആംബുലന്‍സ് ഡ്രൈവറോടുപോലും മോശമായാണ് പൊലീസ് പെരുമാറിയത്. പൊലീസില്‍നിന്ന് നീതികിട്ടുമെന്ന് എനിക്ക് പ്രതീക്ഷയില്ല. അപകടവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍, കലക്ടര്‍, പൊലീസ് കമ്മിഷണര്‍ തുടങ്ങിവര്‍ക്ക് നാളെ പരാതി നല്‍കും..”- അശ്വകുമാര്‍ പറഞ്ഞു. പൊലീസിന്റെ മോശം പെരുമാറ്റത്തിനെതിരെ നിയമപരമായി നേരിടുമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ നിതിനും പ്രതികരിച്ചിരുന്നു.
അപകടത്തെതുടര്‍ന്ന് ഇരുഡ്രൈവര്‍മാര്‍ക്കെതിരേയും പൊലീസ് കേസെടുത്തു. പൊലീസ് ഡ്രൈവര്‍ സിജുലാല്‍ (35), ആംബുലന്‍സ് ഡ്രൈവര്‍ കെ.നിതിന്‍(24) എന്നിവര്‍ക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ദേവികയുടെ ഭര്‍ത്താവ് എസ്.അശ്വകുമാറിന്റെ മൊഴിയിലാണ് കേസ്. മന്ത്രിയുടെ വാഹനത്തിന് പുറമേ ആംബുലന്‍സ് ഡ്രൈവറും നിയമം ലംഘിച്ചതായാണ് പൊലീസിന്റെ വിചിത്ര കണ്ടെത്തല്‍. അലക്ഷ്യമായി വാഹനം ഓടിക്കല്‍, ശരീര ഭാഗങ്ങളില്‍ പൊട്ടലിന് കാരണമായ അപകടം ( 279, 337,338) വകുപ്പുകള്‍ പ്രകാരം സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന രീതിയിലാണ് കേസ്.
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഔദ്യോഗിക വാഹനത്തിനു പൈലറ്റ് പോയ പൊലീസ് ജീപ്പ്, രോഗിയുമായി പോയ അംബുലന്‍സില്‍ ഇടിച്ചായിരുന്നു അപകടം. സംഭവത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റിരുന്നു
Your comment?