പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ പുരോഗമിക്കുന്നു. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. പുതിയ മന്ദിരത്തിനു പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പുരോഹിതര്‍ ഹോമം നടത്തി. പൂര്‍ണകുംഭം നല്‍കി പുരോഹിതര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രി നമസ്‌കരിച്ചു. തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി. ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു.
9.30നു പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ഥന. 12ന് പാര്‍ലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും. ഒന്നിന് 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം. പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും. ഇവരുടെ പ്രതിനിധികളായി കുറച്ചുപേരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തെ 20 പാര്‍ട്ടികള്‍ ചടങ്ങു ബഹിഷ്‌കരിക്കും. സമരം ചെയ്യുന്ന ഗുസ്തിതാരങ്ങള്‍ക്കൊപ്പം കര്‍ഷകസംഘടനകള്‍ മാര്‍ച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാല്‍ കനത്ത സുരക്ഷയാണു നഗരത്തിലൊരുക്കിയിരിക്കുന്നത്. ന്യൂഡല്‍ഹി മേഖലയില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് 3 മണി വരെ നിയന്ത്രണമേര്‍പ്പെടുത്തി.
Your comment?