യുവാക്കളെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘യുവം 2023’ വേദിയില്‍ മലയാള സിനിമയിലെ താരങ്ങളും ഗായകരും
കൊച്ചി: രാഷ്ട്രീയത്തിന് അതീതമായി വിവിധ രംഗങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘യുവം 2023’ വേദിയില്‍ മലയാള സിനിമയിലെ താരങ്ങളും ഗായകരും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം കോണ്‍ക്ലേവില്‍ ബിജെപി നേതാവു കൂടിയായ സുരേഷ് ഗോപി, നടന്‍ ഉണ്ണി മുകുന്ദന്‍, നടനും ഗായകനുമായ വിജയ് യേശുദാസ്, നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന്‍ ഹരിശങ്കര്‍ തുടങ്ങിയവരുമെത്തി. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയും വേദിയിലെ ശ്രദ്ധേയ സാന്നിധ്യമായി.
പ്രധാനമന്ത്രി വേദിയിലെത്തുന്നതിനു മുന്നോടിയായി നടി നവ്യ നായരുടെ നൃത്തവും സ്റ്റീഫന്‍ ദേവസിയുടെ സംഗീതപരിപാടിയും വേദിയില്‍ അരങ്ങേറി. തേവര ജംക്ഷനില്‍ നിന്നു മെഗാ റോഡ് ഷോ ആയാണ് പ്രധാനമന്ത്രി ‘യുവം’ വേദിയിലേക്കെത്തിയത്. തേവര ജംക്ഷന്‍ മുതല്‍ ഒരു കിലോമീറ്ററോളം ദൂരം പ്രധാനമന്ത്രി കാല്‍നടയായി താണ്ടി കാത്തുനിന്നവരെ അഭിവാദ്യം ചെയ്തത് അപ്രതീക്ഷിതമായി.
ഇതിനു ശേഷമായിരുന്നു യുവം കോണ്‍ക്ലേവ്. പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം കേന്ദ്രമന്ത്രി വി.മുരളീധരനാണ് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. സമീപകാലത്തു ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയും വേദിയില്‍ സംസാരിച്ചു. കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനാണ് അനില്‍. രാജ്യത്തു വിവിധ മേഖലകളിലായി ‘യുവം’ കോണ്‍ക്ലേവുകള്‍ നടത്താനാണു ബിജെപിയുടെ പരിപാടി. ഇതില്‍ ആദ്യത്തേതാണു കൊച്ചിയില്‍ ഇന്നു നടന്നത്.
യുവമോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് തേജസ്വി സൂര്യ എംപി, ‘യുവം’ ജനറല്‍ കണ്‍വീനര്‍ സി.കൃഷ്ണകുമാര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍, കണ്‍വീനര്‍മാരായ കെ.ഗണേഷ്, എസ്.ജയശങ്കര്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.
Your comment?