കടമ്പനാട്ട് നിന്ന് കാണാതായ അഞ്ചുവയസുകാരിയെയും അമ്മയെയും കണ്ടെത്തി
കോട്ടയം: കടമ്പനാട്ട് നിന്ന് കാണാതായ അമ്മയെയും അഞ്ചു വയസുള്ള മകളെയും കണ്ടെത്തി. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍ പൊലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാരന് തോന്നിയ സംശയമാണ് ഇവരെ തിരികെ കിട്ടാന്‍ കാരണമായത്.
ശാസ്താംകോട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കടമ്പനാട് ഐവര്‍കാലാ ഭരണിക്കാവ് അമ്പലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതില്‍ ആല്‍വിന്‍ റോയിയുടെ ഭാര്യ ആന്‍സി കുട്ടി (30), മകള്‍ ആന്‍ഡ്രിയ ആല്‍വിന്‍ (അഞ്ച്) എന്നിവരെയാണ് മേയ് 10 മുതല്‍ കാണാതായത്.
ഏറ്റവുമൊടുവിലായി ഇന്നലെ ഉച്ചയ്ക്ക രണ്ടരയ്ക്ക് കരുനാഗപ്പള്ളി കെഎസ്ആര്‍ടിസിക്ക് സമീപമുള്ള എടിഎം കൗണ്ടറിലാണ് ഇവരെ അവസാനമായി കണ്ടത്. എടിഎമ്മില്‍ നിന്ന് 300 രൂപയും പിന്‍വലിച്ച് യാത്ര തുടര്‍ന്ന ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇത് കണ്ട് സംശയം തോന്നിയ പൊലീസുകാരന്‍ ഇന്ന് രാത്രി ഏഴരയോടെയാണ് ഇവരെ തടഞ്ഞു വച്ച് കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറിയത്. പൊലീസ് സ്‌റ്റേഷനിലുള്ള ഇവരെ ശാസ്താം കോട്ട പൊലീസിന് കൈമാറും.
ഭര്‍ത്താവിനൊപ്പം വിദേശത്ത് പോകാനുള്ള മടി കൊണ്ടാണ് ഇവര്‍ വീടു വിട്ടിറങ്ങിയതെന്ന് പറയുന്നു. കാണാതാകുമ്പോള്‍ കൈയില്‍ ഇരുപതിനായിരം രൂപയോളമുണ്ടായിരുന്നു. ഭര്‍ത്താവ് ആല്‍വിന്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. മേയ് 10 മുതല്‍ ആന്‍സിയെയും ആന്‍ഡ്രിയയെയും കാണാനില്ലെന്ന പരാതിയില്‍ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് മണര്‍കാട്, പുതുപ്പള്ളി, കോട്ടയം, തിരുവല്ല, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ പള്ളിയുടെ സമീപത്ത് അമ്മയെയും മകളെയും കണ്ടിരുന്നു. തിരുവല്ലയില്‍ വച്ച് ഒരു പരിചയക്കാരി ഇവരെ കണ്ടിരുന്നു. സ്‌കൂട്ടറില്‍ വന്ന അവര്‍ അമ്മയെയും മകളെയും തടഞ്ഞു നിര്‍ത്തി വിവരങ്ങള്‍ ചോദിച്ചറിയുകയും വീട്ടില്‍ വിവരം അറിയിക്കാന്‍ ഫോണ്‍ വിളിക്കാന്‍ തുടങ്ങുകയും ചെയ്യുന്നതിനിടെ ഇവര്‍ അപ്രത്യക്ഷമായി.
കഴിഞ്ഞ 17 ന് ആന്‍സിയെയും മകളെയും ബഹറിനിലേക്ക് കൊണ്ടു പോകാന്‍ ആല്‍വിന്‍ ടിക്കറ്റ് അയച്ചു കൊടുത്തിരുന്നു. 17 നായിരുന്നു പോകേണ്ടിയിരുന്നത്. ഇതിന് തൊട്ടുമുന്‍പാണ് ഇവരെ കാണാതായത്. പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഈ സമയം ഇവരുടെ കൈവശം പണമുണ്ടായിരുന്നു. അത് തീര്‍ന്നതു കൊണ്ടാകാം ഇപ്പോള്‍ കരുനാഗപ്പള്ളിയില്‍ നിന്ന് 300 രൂപ പിന്‍വലിച്ചതെന്ന് കരുതുന്നു.
Your comment?