5:32 pm - Thursday November 24, 1718

പച്ച ബുളളറ്റിന് കൊടുത്ത ഓണ്‍ലൈന്‍ പെറ്റി ചെന്നു പെട്ടത് ചുവന്ന ബുള്ളറ്റിന്റെ ഉടമയ്ക്ക്: രണ്ടു വണ്ടിക്കും ഒരേ നമ്പര്‍: യഥാര്‍ഥ നമ്പരുകാരന്‍ വന്നപ്പോള്‍ പച്ച ബുള്ളറ്റുകാരന്റെ ‘നമ്പര്‍’ പുറത്ത്: എടുത്ത് പോലീസിന് കൊടുത്തു

Editor

പത്തനംതിട്ട: ഹെല്‍മറ്റില്ലാതെ, അസഹ്യമായ ശബ്ദവും പുറപ്പെടുവിച്ച് ഓടിച്ചു പോകുന്ന പച്ച ബുള്ളറ്റുകാരനെ പിടികുടാന്‍ വാഹനത്തിന്റെ നമ്പര്‍ നോക്കി പിഴയടയ്ക്കാനുള്ള ഓണ്‍ലൈന്‍ ചെല്ലാന്‍ അയച്ചതാണ് മോട്ടോര്‍ വാഹനവകുപ്പ്. പിഴ ഒടുക്കാനുള്ള ചെല്ലാനുമായി അടൂര്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍ വന്നത് ചുവന്ന ബുള്ളറ്റുകാരന്‍. നിങ്ങള്‍ ചെല്ലാനില്‍ കാണിച്ചിരിക്കുന്ന സമയത്തോ ദിവസത്തോ ഞാന്‍ വഴി പോയിട്ടില്ലെന്ന് അയാള്‍ തറപ്പിച്ചു പറയുന്നു. തങ്ങള്‍ കണ്ടത് ചുവന്നതല്ല പച്ച ബുള്ളറ്റാണെന്ന് അറിയാവുന്ന ആര്‍ടിഓ ഉദ്യോഗസ്ഥര്‍ പച്ച ബുള്ളറ്റ് തപ്പിയിറങ്ങി. ഒടുക്കം വാഹനവും ഓടിച്ചയാളെയും കിട്ടി. വ്യാജ നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചതും വണ്ടി എങ്ങനെ നിങ്ങള്‍ക്ക് കിട്ടിയെന്നതും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആശാന്‍ ഉരുണ്ടു കളിച്ചു. പച്ച ബുള്ളറ്റ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് പോലീസിന് കൈമാറി. ബാക്കി അവര്‍ നോക്കിക്കോളും.

കഴിഞ്ഞ നാലിന് രാവിലെ കടമ്പനാട് ഭാഗത്ത് അടൂര്‍ ജോയിന്റ് ആര്‍ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എം.ആര്‍. മനോജ്, പി.കെ. അജയന്‍ എന്നിവര്‍ വാഹന പരിശോധന നടത്തുമ്പോഴാണ് കെഎല്‍ 03 സി 7433 നമ്പര്‍ പച്ച ബുള്ളറ്റില്‍ ഒരാള്‍ ഹെല്‍മറ്റ് വയ്ക്കാതെ പാഞ്ഞു പോകുന്നത് കണ്ടത്. അമിത ശബ്ദത്തിലും വേഗതയിലും ബുള്ളറ്റ് ബൈക്ക് കടന്നു പോയി. കൈ കാണിച്ച് നിര്‍ത്താനുള്ള സമയം പരിശോധന നടത്തുന്നവര്‍ക്ക് കിട്ടിയില്ല. എങ്കിലും വാഹനത്തിന്റെ ചിത്രം എടുത്തിരുന്നു. ഇത് നോക്കി പിഴയടയ്ക്കാന്‍ വാഹനത്തിന്റെ നമ്പറിലുള്ള വിലാസം കണ്ടു പിടിച്ച് ഓണ്‍ലൈന്‍ ചെല്ലാന്‍ തയാറാക്കി അയച്ചു. ഇതേ നമ്പരിലുള്ള വാഹനത്തിന്റെ യഥാര്‍ഥ ഉടമയ്ക്ക് ചെല്ലാന്‍ ലഭിച്ചപ്പോള്‍ അദ്ദേഹം അതുമായി ആര്‍.ടി.ഓഫീസില്‍ എത്തി.

ചെല്ലാനില്‍ പറയുന്ന ദിവസം താന്‍ ആ വഴി വന്നിട്ടില്ലെന്നും തന്റെ വണ്ടിയുടെ നിറം പച്ചയല്ല ചുവപ്പാണെന്നും അറിയിച്ചു. ഇതോടെ വ്യാജനമ്പരുള്ള വാഹനം തേടി ഉദ്യോഗസ്ഥര്‍ ഇറങ്ങി. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യാജവാഹനം പോയ വഴി കണ്ടെത്തി. പച്ച നിറത്തിലുള്ള ബുള്ളറ്റ് ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒടുവില്‍ കഴിഞ്ഞ എട്ടിന് വാഹനം ഓടിച്ചിരുന്ന ആളിന്റെ വീട്ടിലെത്തി. വാഹനം പോര്‍ച്ചില്‍ തന്നെ സൂക്ഷിച്ചിരുന്നു. രണ്ടു വാഹനങ്ങളുടെയും രജിസ്ട്രേഷന്‍ നമ്പര്‍ ഒന്നു തന്നെയായിരുന്നു. ഉടമയോട് ചോദിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ വാങ്ങിയ വാഹനമാണെന്നും രേഖകളൊന്നും കൈയില്‍ ഇല്ലെന്നും അറിയിച്ചു. മുമ്പൊരിക്കല്‍ ഏതോ ഓഫീസില്‍ വാഹനത്തിന്റെ ആവശ്യവുമായി ചെന്നപ്പോള്‍ രേഖകള്‍ ശരിയല്ലെന്ന് അറിയിച്ചിരുന്നുവെന്നും അതുമായി എത്താന്‍ പറഞ്ഞുവെന്നും ഇയാള്‍ പറയുന്നു. രേഖകള്‍ കൈവശം ഇല്ലാത്തതിനാല്‍ പിന്നീട് പോയില്ലെന്നും ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. പരസ്പര വിരുദ്ധമായിരുന്നു സംസാരം.

മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റിലും വണ്ടി സംബന്ധിച്ച് വിവരം ഇല്ലായിരുന്നു. രേഖകള്‍ എല്ലാം കൃത്യമായ മറ്റൊരു വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ചാണ് ഈ വാഹനം ഓടുന്നതെന്ന് സ്ഥിരീകരിച്ചു.

രജിസ്ട്രേഷന്‍ നമ്പര്‍ വ്യാജമാണെങ്കിലും ചേസിസ് നമ്പര്‍ ഒറിജിനലാണെന്ന് എ.എം.വി.ഐ മനോജ് പറഞ്ഞു. കേരളത്തിന് പുറത്തുള്ള വണ്ടിയാണ് ഇതെന്ന് കരുതുന്നു. ചേസിസ് നമ്പര്‍ തിരുത്താനുള്ള ശ്രമം നടന്നതായി തോന്നുന്നില്ല. പ്രശ്നമുള്ള വണ്ടിയാണെന്ന് അറിഞ്ഞു കൊണ്ടാണ് ഉടമ ഓടിച്ചിരുന്നത്. അതു കൊണ്ടാണ് വണ്ടി പിടിച്ചെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് കൈമാറി. വണ്ടിയുടെ യഥാര്‍ഥ നമ്പര്‍ കണ്ടെത്താന്‍ സമയം വേണ്ടി വരും. വെബ്സൈറ്റിലുള്ള രേഖകളില്‍ ഇല്ല. 1996-99 കാലഘട്ടത്തിലുള്ള വണ്ടിയാണിതെന്ന് കരുതുന്നു. നാലു വര്‍ഷം മുന്‍പ് ഒരാള്‍ കൊടുത്തതാണെന്ന് പറയുന്നു. കൊടുത്തയാളുടെ സ്ഥലം പല തവണ മാറ്റിപ്പറയുകയും ചെയ്തുവെന്ന് മനോജ് പറഞ്ഞു.

ഇത്തരം വാഹനങ്ങള്‍ ധാരാളം നിരത്തിലുണ്ട്. കഴിഞ്ഞ ദിവസം കൈക്കൂലിക്കേസില്‍ പിടിയിലായ തിരുവല്ല നഗരസഭ മുന്‍ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്റെ തിരുവനന്തപുരത്തെ വസതിയില്‍ നിന്ന് ഒരേ നമ്പര്‍ പ്ലേറ്റുള്ള രണ്ട് ബൈക്ക് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരെണ്ണം വ്യാജമായതിനാല്‍ മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നു വരികയാണ്. അടൂരിലും ഇത്തരമൊരു സംഭവം നടന്നിരുന്നു. ഇടതു പക്ഷത്തെ ഒരു നഗരസഭാ കൗണ്‍സിലര്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച സ്‌കൂട്ടര്‍ ഉപയോഗിച്ചിരുന്നു. ഇതേ നമ്പര്‍ ഉള്ള വാഹനത്തിന്റെ യഥാര്‍ഥ ഉടമ ഈ വണ്ടി കണ്ട് വിവരം പോലീസില്‍ അറിയിച്ചു. പോലീസ് വ്യാജ നമ്പര്‍ പ്ലേറ്റുള്ള വാഹനം കസ്റ്റഡിയിലെടുത്തു. പക്ഷേ, ഉപയോഗിച്ചിരുന്നത് സിപിഎം ജില്ലാ നേതാവിന് വേണ്ടപ്പെട്ടയാള്‍ ആയതിനാല്‍ കേസെടുക്കാതെ വിട്ടയച്ചു. പരാതിക്കാരനെയും ഇവര്‍ ഒതുക്കി.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കടമ്പനാട് പഞ്ചായത്തിലെ സ്വജനപക്ഷപാതം കണ്ടെത്തി ഓംബുഡ്സ്മാന്‍: ഫണ്ട് എല്ലാ വാര്‍ഡിലേക്കും നല്‍കണം: ഗ്രാമസഭകളുടെ നിര്‍ദേശം പരിഗണിക്കണം: ഫണ്ടില്ലെങ്കില്‍ ആര്‍ക്കും നല്‍കരുത്

കെഎസ്എഫ്ഇ വെബ്‌സൈറ്റ് തകരാറിലായനെ തുടര്‍ന്ന് ഓണ്‍ലൈന്‍ പേമെന്റുകള്‍ മുടങ്ങി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ