പെരിങ്ങനാട് തൃചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ കൊടിയേറി
അടൂര്‍ : പഞ്ചവാദ്യത്തിന്റെ മേളക്കൊഴുപ്പും മഹാദേവ സ്തുതികളും വായ്
ക്കുരവയും ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ 10 ദിവസത്തെ ഉത്സവത്തിന് പെരിങ്ങനാട് തൃചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ കൊടിയേറി. ഇന്നലെ രാത്രി 7.30 ന് തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠരര് രാജീവര് , മേല്‍ശാന്തി പ്രതീഷ് ഭട്ടതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റു നടന്നത്. നേരത്തെ കൊടിക്കൂറ ശുദ്ധി വരുത്തി പ്രത്യേക പൂജ നടത്തി. ധ്വജവാഹനത്തെ കൊടിക്കൂറയിലേക്ക് സന്നിവേശിപ്പിച്ചു.
വയ്ക്കുരവകളും വാദ്യമേളങ്ങളും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ നൂറ്ക്കണക്കിന് ഭക്തരെ സാക്ഷി നിര്‍ത്തി കൊടിമരത്തിലേക്ക് കൊടിക്കൂറ ഉയര്‍ന്നപ്പോള്‍ ക്ഷേത്ര പരിസരം ഹര ഹര മഹാദേവ മന്ത്രങ്ങളാല്‍ മുഖരിതമായി. ഇന്ന് മുതല്‍ ഉത്സവബലി ചടങ്ങുകള്‍ ആരംഭിക്കും. കൊടിയേറ്റിന് മുന്നോടിയായി നടന്ന കൊടിയേറ്റ് സദ്യയില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു. ഈ പ്രാവശ്യം 210 പറയുടെ സദ്യയാണ് ഒരുക്കിയത്. ഇതിന് മുന്നോടിയായി ഉടയാന്‍ നടയില്‍ താംബൂല സമര്‍പ്പണം നടത്തി . ശേഷം ക്ഷേത്രത്തിന് ചുറ്റുമായിരുന്ന ഭക്തര്‍ക്ക് തൂശനിലയില്‍ പായസം ഉള്‍പ്പെടെ വിഭവ സമൃദ്ധമായ സദ്യ നല്‍കി.
Your comment?