ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി അര്‍ജന്റീനയ്ക്ക് കിരീടം
ദോഹ: കാല്‍പ്പന്തുകളിയിലെ ഇന്ദ്രജാലക്കാരന്‍ ലയണല്‍ മെസ്സിയുടെ ഐതിഹാസിക ഫുട്‌ബോള്‍ കരിയറിന് പൂര്‍ണത നല്‍കാന്‍ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന സാക്ഷാത്കരിച്ചു. ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടം തൊട്ടത്. ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്‌സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഫ്രാന്‍സിനായി കിലിയന്‍ എംബപെ ഹാട്രിക് നേടി. 80, 81, 118 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകള്‍. അര്‍ജന്റീനയ്ക്കായി മെസ്സി ഇരട്ടഗോള്‍ നേടി. 23, 108 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ഒരു ഗോള്‍ എയ്ഞ്ചല്‍ ഡി മരിയയുടെ (36-ാം മിനിറ്റ്) വകയാണ്.
ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരേദസ്, മോണ്ടിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, ഫ്രാന്‍സിനായി ലക്ഷ്യം കണ്ടത് കിലിയന്‍ എംബപെ, കോളോ മുവാനി എന്നിവര്‍ മാത്രം. ഫ്രഞ്ച് താരം കിങ്‌സ്ലി കോമന്റെ ഷോട്ട് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയന്‍ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി.
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ ഐതിഹാസിക കുതിപ്പിന് നെടുനായകത്വം വഹിച്ച് മെസ്സി ഒരിക്കല്‍ക്കൂടി ലോക ഫുട്‌ബോളിന്റെ താരമായെങ്കിലും, ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് ഫൈനലില്‍ ഹാട്രിക് നേടിയ ഫ്രഞ്ച് താരം കിലിയന്‍ എംബപെ സ്വന്തമാക്കി. ഫൈനലില്‍ ഇരട്ടഗോള്‍ നേടിയ മെസ്സി ഏഴു ഗോളുമായി ഗോള്‍വേട്ടയില്‍ രണ്ടാം സ്ഥാനക്കാരനായി.
Your comment?