അടൂരിലെ ദേവി സ്‌കാന്‍ എന്താ ഇങ്ങനെ..! ‘ഇവിടെ സ്‌കാനിംഗിനെത്തുന്നവരുടെ മാനവും പണവും നഷ്ടപ്പെട്ടേക്കാം’ പണം വാങ്ങിയിട്ടും സ്‌കാനിംഗ് നടത്തിയില്ല; ഡി .എം.ഒ യുടെ നിര്‍ദ്ദേശപ്രകാരം 1200 രൂപ തിരികെ നല്‍കി സ്‌കാനിങ് സെന്റര്‍
അടൂര്‍: പണം വാങ്ങിയിട്ടും സ്‌കാനിങ് നടത്താത്ത സംഭവത്തില്‍ സ്‌കാനിങ് കേന്ദ്രം പരാതിക്കാരന് പണം തിരികെ നല്‍കി. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡി .എം.ഒ യുടെ ഉത്തരവിന്‍മേലാണ് നടപടി. ഇതുപ്രകാരം 1200 രൂപ തിരികെ തല്‍കി സ്‌കാനിങ് കേന്ദ്രം. അടൂര്‍ ഗവ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന ദേവി സ്‌കാന്‍ സെന്ററാണ് പണം തിരികെ നല്‍കിയത്. വടക്കടത്തുകാവ് മുരുകവിലാസത്തില്‍ ജെ.ശൈലേന്ദ്രനാഥ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പരാതിക്കിടയാക്കിയ സംഭവം ഇങ്ങനെ, 2022 ഒക്ടോബര്‍ 14-ന് ശൈലേന്ദ്ര നാഥിന്റെ അച്ഛന്‍ ജനാര്‍ദ്ദനന്‍ പിള്ള പുറത്തെ മുഴനീക്കം ചെയ്യുന്നതിനു വേണ്ടി അടൂര്‍ ഗവ.ആശുപത്രിയിലെ ഡോക്ടറുടെ അടുത്തുചെന്നു. അന്നേ ദിവസം തന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ജനാര്‍ദ്ദനന്‍ പിള്ള സ്‌കാനിങ്ങിനായി ദേവീ സ്‌കാനിങ് സെന്ററില്‍ എത്തി. 1200 രൂപ സ്‌കാനിങ്ങിനും 30 രൂപ രക്തം, ഷുഗര്‍ എന്നിവ പരിശോധിക്കുന്നതിനും അടച്ചു. ഏറെ സമയം കഴിഞ്ഞിട്ടും ഡോക്ടറെത്തിയില്ല എന്ന കാരണം പറഞ്ഞ് ദേവീ സ്‌കാനിങ് സെന്റര്‍ സ്‌കാനിങ് നടത്തിയിയില്ല. തുടര്‍ന്ന് സുഖമില്ലാത്ത ജനാര്‍ദ്ദനന്‍ പിള്ളയെ ആശുപത്രിക്കു സമീപമുള്ള മറ്റൊരു ലാബിലേക്ക് ഈ സ്‌കാനിങ് കേന്ദ്രത്തിലെ ജീവനക്കാര്‍ നടത്തിക്കൊണ്ടുപോയി.
എന്നാല്‍ അവിടെയും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ സ്‌കാനിങ്ങ് നടന്നില്ല. കൂടാതെ ഏറെ നേരം അച്ഛനും ഒപ്പം പോയ അമ്മയും അവിടെ കാത്തിരുന്നതായും ശൈലേന്ദ്രനാഥ് ഡി.എം.ഒയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് താന്‍ എത്തി മറ്റൊരു സ്‌കാനിങ്ങ് സെന്ററില്‍ കൊണ്ടു പോയി അവിടെ വീണ്ടും പണം അടച്ച് സ്‌കാന്‍ ചെയ്തു. പക്ഷെ അവിടെ നിന്നും സ്‌കാന്‍ ഫലം ലഭിക്കാന്‍ അല്‍പ്പം താമസിച്ചതിനാല്‍ തീരുമാനിച്ചുറപ്പിച്ച ശസ്ത്രക്രീയ മുടങ്ങിയതായും ശൈലേന്ദ്രനാഥ് പരാതിയില്‍ വ്യക്തമാക്കുന്നു.
ആദ്യം സ്‌കാനിങ്ങിനായി ദേവി സ്‌കാനിങ് സെന്ററില്‍ അടച്ച തുക തിരികെ ചോദിച്ചെങ്കിലും പണം തിരികെ നല്‍കാന്‍ സ്‌കാനിങ് സെന്റര്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് ജെ. ശൈലേന്ദ്രനാഥ് ഡി.എം.ഒയ്ക്ക് പരാതി നല്‍കിയത്. ഒക്ടോബര്‍ 17-നാണ് പരാതി നല്‍കിയത്. പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകള്‍ ബോദ്ധ്യപ്പെട്ടതിനാല്‍ രോഗി അടച്ച തുക തിരികെ നല്‍കണം. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് രോഗികളോടും കൂടെ വരുന്നവരോടും നല്ല രീതിയില്‍ ആശയ വിനിമയം നടത്തുന്നതിന് നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കണം. പരാതിക്കാരന്റെ മാതാപിതാക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മേലില്‍ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കുന്നതായും ശൈലേന്ദ്രനാഥിന്റെ പരാതിയില്‍ മേല്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്നു.പണം കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ടില്‍ വന്നതായി ശൈലേന്ദ്രനാഥ് വ്യക്തമാക്കി
Your comment?