തലസ്ഥാനത്തു കോടിയേരിയുടെ പൊതുദര്‍ശനം ഒഴിവാക്കിയതില്‍ വിമര്‍ശനം
തിരുവനന്തപുരം: ദീര്‍ഘമായ യാത്ര ഒഴിവാക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ചെന്നൈയില്‍ നിന്നു നേരെ തലശ്ശേരിയിലേക്കും പിന്നീടു കണ്ണൂരിലേക്കും കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്ന് സിപിഎം സെക്രട്ടേറിയറ്റ്.
മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആയിരുന്ന കോടിയേരിക്കു തലസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള അവസരം ഇല്ലാതെ പോയതു പല കോണുകളില്‍ നിന്നും വിമര്‍ശനം നേരിട്ട പശ്ചാത്തലത്തിലാണ് അക്കാര്യം നേരിട്ടു പറയാതെ സംസ്ഥാന സെക്രട്ടേറിയറ്റ് ഇങ്ങനെ വിശദീകരിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇക്കാര്യം തലസ്ഥാനത്തെ അനുസ്മരണ സമ്മേളനത്തിലും വിശദീകരിച്ചിരുന്നു. അരനൂറ്റാണ്ടു കാലം കോടിയേരിയുടെ കര്‍മ മണ്ഡലം തന്നെയായി മാറിയ തിരുവനന്തപുരത്തെ എകെജി സെന്ററില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് എത്തിക്കാതിരുന്നതു പാര്‍ട്ടിക്കാരെയും അദ്ഭുതപ്പെടുത്തിയിരുന്നു.
ദീര്‍ഘനാളത്തെ രോഗാവസ്ഥ കോടിയേരിയുടെ ശരീരത്തെ ഏറെ ബാധിച്ചിരുന്നു എന്നും അതുകൊണ്ടാണു മരണശേഷം ദീര്‍ഘയാത്ര ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നും പാര്‍ട്ടി അറിയിച്ചു. ഏറ്റവും വിദഗ്ധമായ ചികിത്സ അദ്ദേഹത്തിനു ലഭ്യമാക്കാനാണു പരിശ്രമിച്ചത്. തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ സ്നേഹിക്കുന്ന ജനങ്ങളുടെ പ്രവാഹമാണ് തലശ്ശേരിയിലേക്കും, കണ്ണൂരിലേക്കും ഉണ്ടായത്. ക്രമീകരണങ്ങളോടു തികഞ്ഞ അച്ചടക്കത്തോടെ ജനങ്ങള്‍ സഹകരിച്ചതും ആ ആദരവിന്റെ ദൃഢതയാണു വ്യക്തമാക്കുന്നത്. വലിയ നഷ്ടമാണു പാര്‍ട്ടിക്ക് ഉണ്ടായത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അതിനെ മറികടക്കാന്‍ ശ്രമിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
Your comment?