പന്തളത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്
തിരുവനന്തപുരം; സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായി കല്ലേറ്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. തിരുവനന്തപുരം കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. പത്തനംതിട്ട പന്തളത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. പന്തളം-പെരുമണ്‍ സര്‍വീസിന് നേരെയാണ് കല്ലേറുണ്ടായത്.
ഡ്രൈവര്‍ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയില്‍ ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്. കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലു തകര്‍ന്ന് കണ്ണിനു പരുക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവയില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി.
രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കി. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും നിര്‍ദ്ദേശമുണ്ട്. കരുതല്‍ തടങ്കലിനും നിര്‍ദേശം നല്‍കി.
സുരക്ഷാ ക്രമീകരണങ്ങളുട ചുമതല റേഞ്ച് ഡിഐജിമാര്‍ക്കാണ്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുമെന്നാണ് സിഎംഡി നല്‍കിയ അറിയിപ്പ്. വ്യാഴാഴ്ച പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി എന്‍ഐഎ, എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കേരള, എംജി, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Your comment?