‘അടൂര്‍ പോലീസ് ഇങ്ങനാ..’ മദ്യലഹരിയില്‍ അപകട പരമ്പര സൃഷ്ടിച്ച എസ്ഐയെ സംഭവസ്ഥലത്ത് നിന്ന് തന്ത്രപൂര്‍വം മാറ്റി: സ്റ്റേഷനില്‍ എത്തിച്ച് കേസെടുക്കാതെ വിട്ടയച്ചു
അടൂര്‍: മദ്യലഹരിയില്‍ കാറോടിച്ച് മറ്റ് നിരവധി വാഹനങ്ങളില്‍ ഇടിപ്പിച്ച പത്തനംതിട്ട എആര്‍ ക്യാമ്പിലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എസ്ഐയെ ജനങ്ങളുടെ മുന്നില്‍ നിന്ന് കൂട്ടിക്കൊണ്ടു വന്നെങ്കിലും സ്റ്റേഷനില്‍ നിന്ന് കേസെടുക്കാതെ വിട്ടയച്ച അടൂര്‍ എസ്എച്ച്ഓ പ്രതിക്കൂട്ടില്‍. ഉത്രാടം നാള്‍ സന്ധ്യയ്ക്കാണ് അടൂര്‍ സെന്‍ട്രല്‍ ടോളില്‍ എസ്ഐയുടെ കൂട്ടയിടി നടന്നത്. അപകടത്തില്‍പ്പെട്ട മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ എസ്ഐയുടെ കാറിന്റെ താക്കോല്‍ ഊരി മാറ്റുകയും ബഹളം ഉണ്ടാവുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്ത് വന്ന അടൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ ഇയാളെ തന്ത്രപൂര്‍വം കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. അവിടെ ചെന്നപ്പോള്‍ വൈദ്യപരിശോധന നടത്താതെയും കേസ് എടുക്കാതെയും ബന്ധുക്കളെ വിളിച്ചു വരുത്തി അപകടമുണ്ടാക്കിയ വാഹനവും കൊടുത്ത് വിടുകയായിരുന്നു.സംഭവത്തില്‍ അടൂര്‍ പോലീസിന്റെ വീഴ്ച സംബന്ധിച്ച് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.
എ.ആര്‍. ക്യാമ്പില്‍ മോട്ടോര്‍ ട്രാഫിക് എസ്.ഐ തസ്തിക ഒന്നു മാത്രമാണ് ഉള്ളത്. ജില്ലയിലെ സ്റ്റേഷനുകളിലെയും ക്യാമ്പിലെയുമൊക്കെ പോലീസ് ഡ്രൈവര്‍മാര്‍ക്ക് വാഹനം കൈകാര്യം ചെയ്യുന്നതും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതുമായ നേര്‍വഴി കാണിച്ചു കൊടുക്കേണ്ടത് ഇദ്ദേഹമാണ്. അങ്ങനെയുള്ളയാളുടെ ഭാഗത്ത് നിന്നുമാണ് വീഴ്ചയുണ്ടായത്. ഇത് മറച്ചു വച്ചത് അടൂര്‍ പോലീസ് എസ്.എച്ച്.ഓയുടെ ഭാഗത്തു നിന്നുമുള്ള വന്‍ വീഴ്ചയായി മാറി.
എസ്.ഐ മദ്യലഹരിയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത പോലീസ് വൈദ്യപരിശോധന നടത്താതിരുന്നത് കാരണം ഇതു സംബന്ധിച്ച് തെളിവുകള്‍ ലഭ്യമല്ല. തിരുവോണത്തിന്റെ തലേന്ന് അടൂര്‍ നഗരത്തിലെ ഗതാഗത തിരക്കിനിടെയാണ് എസ്.ഐ. അപകട പരമ്പര സൃഷ്ടിച്ചത്. സെന്‍ട്രല്‍ ടോളിന സമീപമായിരുന്നു സംഭവം. ആദ്യം ഒരു ബൈക്കിലാണ് കാറിടിച്ചത്.അവിടെ നിന്ന് പിന്നാക്കം എടുക്കുമ്പോള്‍ പിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ തട്ടി. വാഹനത്തിലുണ്ടായിരുന്നവര്‍ ഇറങ്ങി എസ്.ഐയുടെ വണ്ടിയുടെ കീ ഊരി മാറ്റി. ഒന്നും മിണ്ടാതെ വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോയ എസ്.ഐ വിവരം അറിഞ്ഞ് പോലീസ് വന്നപ്പോള്‍ തട്ടിക്കയറിയെന്നും പറയുന്നു. എസ്.ഐ ആണെന്ന് അറിയാതെ നാട്ടുകാരും ഇയാള്‍ക്കെതിരേ തിരിഞ്ഞു. വൈദ്യപരിശോധന വേണമെന്നും ആവശ്യപ്പെട്ടു. തന്ത്രപൂര്‍വം സ്റ്റേഷനില്‍ എത്തിച്ച ശേഷം കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.
ആരുമറിയാതെ പൂഴ്ത്തി വച്ചിരുന്ന സംഭവം ജില്ലാ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തതോടെ വിവാദമായി. എസ്.ഐ മദ്യപിച്ചിരുന്നതായി സംശയമുണ്ടായിരുന്നിട്ടും പരിശോധന നടത്താതെ വിട്ടയച്ചതും ഗുരുതരമായ കൃത്യവിലോപമായി. പരാതിക്കാരില്ലെന്ന നിസാര കാരണം പറഞ്ഞാണ് ഇത്തരമൊരു രക്ഷപ്പെടുത്തല്‍ നടത്തിയത്.
Your comment?