പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി നിര്‍മിച്ച തുരങ്കം കണ്ടെത്തിയതായി അതിര്‍ത്തി സുരക്ഷാ സേന
ശ്രീനഗര്‍: ജമ്മു കശ്മിരിലെ സാംബ മേഖലയില്‍ രാജ്യാന്തര അതിര്‍ത്തിക്കു സമീപം പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി നിര്‍മിച്ച തുരങ്കം കണ്ടെത്തിയതായി അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്). ബുധനാഴ്ച വൈകുന്നരം പതിവ് പട്രോളിങ്ങിനിടെയാണ് തുരങ്കം ശ്രദ്ധയില്‍പെട്ടതെന്നു ബിഎസ്എഫ് അറിയിച്ചു. 150 മീറ്റര്‍ നീളവും രണ്ടടി വ്യാസമുള്ള തുരങ്കത്തിന്റെ മറുവശം പാക്കിസ്ഥാനിലാണ്.
അതിര്‍ത്തി ഔട്ട്പോസ്റ്റ് എരിയയായ ചക് ഫക്വിറയിലാണ് തുരങ്കം കണ്ടെത്തിയത്. മേല്‍മണ്ണ് ഇളകി കിടക്കുന്നത് കണ്ട് സംശയം തോന്നിയതോടെ മണ്ണ് ഇളക്കി നോക്കുകയായിരുന്നുവെന്നും പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയതെന്നും ബിഎസ്എഫ് അറിയിച്ചു. പാക്കിസ്ഥാനില്‍നിന്ന് നുഴഞ്ഞുകയറിയ രണ്ട് ജയ്‌ഷെ ഭീകരരെ സൈന്യം വധിച്ചതിനു പിന്നാലെയാണ് തുരങ്കം കണ്ടെത്തിയത്
പാക്കിസ്ഥാന്‍ പോസ്റ്റിനു എതിര്‍വശത്തായി ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് 150 മീറ്ററും അതിര്‍ത്തി വേലിയില്‍നിന്ന് 50 മീറ്റര്‍ അകലെയുമാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. അതിര്‍ത്തി കടക്കാനായി ഭീകരര്‍ നിര്‍മിച്ച തുരങ്കമാണെന്നു നിഗമനം.
തുരങ്കത്തിന്റെ പുറത്തുനിന്ന് 21 മണല്‍ ചാക്കുകളും പിടിച്ചെടുത്തു. തുരങ്കം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊണ്ടു വന്നതാണ് ഈ മണല്‍ ചാക്കുകള്‍. അമര്‍നാഥ് യാത്ര അട്ടിമറിക്കാനുള്ള പാക്ക് ഭീകരരുടെ പദ്ധതിയുടെ ഭാഗമാണ് തുരങ്കമെന്നും നീക്കം പരാജയപ്പെടുത്തിയതായും അതിര്‍ത്തി സുരക്ഷാ സേന ഡിഐജി എസ്.പി.എസ്. സന്ധു പറഞ്ഞു.
Your comment?