സിബിഐ ഏറ്റെടുത്ത 128 ബാങ്ക് തട്ടിപ്പ് കേസുകളില്‍ അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി കാത്ത്
ന്യൂഡല്‍ഹി: സിബിഐ ഏറ്റെടുത്ത 128 ബാങ്ക് തട്ടിപ്പ് കേസുകളില്‍ അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി കാത്തുകിടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തു കേസന്വേഷിക്കാന്‍ സിബിഐക്കുള്ള പൊതു അനുമതി കേരളമുള്‍പ്പെടെ 9 സംസ്ഥാനങ്ങള്‍ പിന്‍വലിച്ചതു മൂലമാണിത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ബാങ്ക് തട്ടിപ്പ് കേസുകള്‍. അവിടെ 20312.53 കോടി രൂപയുടെ 101 കേസുകളാണുള്ളത്. കേരളത്തില്‍നിന്നു ബാങ്ക് തട്ടിപ്പ് കേസുകളില്ല. എന്നാല്‍, മറ്റു 2 കേസുകള്‍ അന്വേഷിക്കാനുള്ള അനുമതി കേരളം സിബിഐക്ക് നല്‍കാനുണ്ടെന്നു രാജ്യസഭയില്‍ കേന്ദ്രം നല്‍കിയ മറുപടിയില്‍ പറയുന്നു. എല്ലാം സംസ്ഥാനങ്ങളിലുമായി ഇത്തരത്തില്‍ 173 കേസുകള്‍ അനുമതി കാത്തുകിടപ്പുണ്ട്. മുന്‍പ് 4 കേസുകള്‍ക്കു കേരളം അനുമതി നല്‍കിയിരുന്നു.
സിബിഐയെ കേന്ദ്രം രാഷ്ട്രീയ ആയുധമാക്കുന്നുവെന്നാരോപിച്ചാണു പൊതു അനുമതി പിന്‍വലിക്കാന്‍ കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മിസോറം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ തീരുമാനിച്ചത്. 2020 നവംബറിലാണ് കേരളം പൊതു അനുമതി പിന്‍വലിച്ചത്.
ഇതുമൂലം പല കേസുകളും വഴിമുട്ടി നില്‍ക്കുകയാണെന്ന് അടുത്തയിടെ സിബിഐ പാര്‍ലമെന്ററി സമിതിയെ അറിയിച്ചിരുന്നു. പൊതു അനുമതി സംസ്ഥാനങ്ങള്‍ പിന്‍വലിച്ചത് അഭിലഷണീയമല്ലെന്നു നവംബറില്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
Your comment?