വായ്പക്കുടിശിക അടച്ചുതീര്‍ത്തിട്ടും 2 വര്‍ഷത്തിനു ശേഷം വ്യാപാരിയെ അറസ്റ്റ് ചെയ്യാനിടയായത് കേരള ബാങ്ക് ഏഴംകുളം ശാഖയുടെ വീഴ്ചമൂലമെന്ന്
അടൂര്‍: വായ്പക്കുടിശിക അടച്ചുതീര്‍ത്തിട്ടും 2 വര്‍ഷത്തിനു ശേഷം വ്യാപാരിയെ അറസ്റ്റ് ചെയ്യാനിടയായത് ബാങ്കിന്റെ വീഴ്ചമൂലമെന്നു വ്യക്തമായി. കലക്ഷന്‍ ഏജന്റിന്റെ കയ്യില്‍ കൊടുത്തിരുന്ന പണം ബാങ്കില്‍ അടയ്ക്കാതെ വന്നതിനാലാണ് ആദ്യം കുടിശികയായതെന്ന് അറസ്റ്റിലായ ചായക്കട – സ്റ്റേഷനറി വ്യാപാരി അറുകാലിക്കല്‍ പടിഞ്ഞാറ് സുമേഷ് ഭവനില്‍ സുരേന്ദ്രന്‍പിള്ള (60) പറഞ്ഞു.
പിന്നീടാണ് ബാങ്ക് കോടതിയില്‍ ചെക്ക് കേസ് നല്‍കിയതും നോട്ടിസ് ലഭിച്ചതും. അതിനു ശേഷം മകളുടെ സ്വര്‍ണം പണയം വച്ചാണ് 2019 ഡിസംബര്‍ 30ന് കുടിശിക പൂര്‍ണമായി അടച്ചുതീര്‍ത്തത്. കേരള ബാങ്ക് ഏഴംകുളം ശാഖയില്‍ നിന്നെടുത്ത വായ്പയുടെ കുടിശിക അടച്ചുതീര്‍ത്തിട്ടും ചെക്ക് കേസ് പിന്‍വലിക്കുന്നതില്‍ ബാങ്ക് അധികൃതരും ബന്ധപ്പെട്ട അഭിഭാഷകനും വേണ്ടതു ചെയ്തില്ല. ഇതെതുടര്‍ന്നാണ് കഴിഞ്ഞദിവസം സുരേന്ദ്രന്‍പിള്ളയെ അറസ്റ്റ് ചെയ്തത്.
”ഈ മാസം ഒന്നിനു രാവിലെയാണ് കോടതിയില്‍നിന്നു വാറന്റ് ഉണ്ടെന്നു പറഞ്ഞ് പൊലീസുകാര്‍ അറുകാലിക്കല്‍ പടിഞ്ഞാറു ഭാഗത്തെ ചായക്കടയില്‍ എത്തിയത്. വായ്പക്കുടിശികയുടെ പേരിലുള്ള ചെക്ക് കേസാണെന്നറിഞ്ഞപ്പോള്‍ കുടിശിക അടച്ചുതീര്‍ത്തതാണെന്ന് പൊലീസുകാരോടു പറഞ്ഞു. പക്ഷേ, വാറന്റ് ഉള്ളതിനാല്‍ കോടതിയില്‍ ഹാജരാക്കാതെ പറ്റില്ലെന്നായിരുന്നു മറുപടി.
രാവിലത്തെ ആഹാരം പോലും കഴിക്കും മുന്‍പേ നാട്ടുകാര്‍ കാണ്‍കെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. സ്റ്റേഷനില്‍ ഇരിക്കുന്നതിനിടെ പരാതികളും മറ്റും നല്‍കാന്‍ അവിടെയെത്തിയ പരിചയക്കാരുടെ മുന്‍പിലും അപമാനിതനാകേണ്ടി വന്നു. 3.30നു ശേഷമാണു കോടതിയില്‍ ഹാജരാക്കിയത്. കുടിശിക അടച്ചുതീര്‍ത്തതിന്റെ ബാങ്ക് രേഖ ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയും ജാമ്യത്തില്‍ വിടുകയുമായിരുന്നു. ഇതറിഞ്ഞപ്പോള്‍ ബാങ്ക് അധികൃതരും ബന്ധപ്പെട്ട അഭിഭാഷകനും എത്തി ചെക്ക് കേസ് പിന്‍വലിച്ചു. ഇതു നേരത്തേ ചെയ്തിരുന്നെങ്കില്‍ നിരപരാധിയായ ഞാന്‍ പൊലീസ് സ്റ്റേഷനും കോടതിയും കയറേണ്ടിവരില്ലായിരുന്നു” – സുരേന്ദ്രന്‍പിള്ള പറഞ്ഞു.
2015ല്‍ ആദ്യം ഒരു ലക്ഷം രൂപയാണ് കച്ചവട ആവശ്യത്തിനായി പരസ്പര ജാമ്യത്തില്‍ വായ്പ എടുത്തത്. അത് അടച്ചുതീര്‍ത്തതിനു ശേഷം 2 ലക്ഷം രൂപ കൂടി വായ്പയെടുത്തു. അതു കൃത്യമായി ദിവസവും അടച്ചുകൊണ്ടിരുന്നതാണെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു.
Your comment?