മണിച്ചേട്ടന്റെ കൃഷിയിടത്തില്‍ മണി മണി പോലെ സവാള വിളയുന്നു
അടൂര്‍: മണിച്ചേട്ടന്റെ കൃഷിയിടത്തില്‍ മണി മണി പോലെ സവാള വിളയുന്നു.
കേരള മണ്ണില്‍ വിളയാത്ത കാര്‍ഷിക വിളകളില്ലെന്ന് മലയാളികള്‍ക്കുള്ള സന്ദേശമാണ് കടമ്പനാട് സ്വദേശി മണിയുടെ കൃഷിയിടം.
മണിക്ക് കൃഷി എന്ന് പറഞ്ഞാല്‍ പ്രാന്താണെന്ന് കടമ്പനാട്ടുകാര്‍ പറയും. കടമ്പനാട് ജങ്ഷനില്‍ സ്റ്റുഡിയോ നടത്തുന്ന മണി ജീവിതത്തില്‍ ഒരിക്കലും കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയിട്ടുമില്ല. തന്റെയും കുടുംബത്തിന്റെയും ആവശ്യത്തിനുള്ള പച്ചക്കറിയും മത്സ്യവും സ്വയം ഉത്പ്പാദിപ്പിക്കുന്ന മണി മിച്ചം വരുന്നത് മറ്റുള്ളവര്‍ക്ക് സൗജന്യമായി നല്‍കും.
ഒരു വിള മാത്രം സ്ഥിരമായി കൃഷി ചെയ്യുന്ന രീതിയോട് മണിക്ക് തെല്ലും യോജിപ്പില്ല. ഇപ്പോള്‍ പ്രധാനമായും സവാളയാണ് മണിയുടെ കൃഷിയിടത്തിലും ടെറസിലെ ഗ്രോബാഗുകളിലും നൂറ് മേനി വിളഞ്ഞ് നില്‍ക്കുന്നത്. തക്കാളിയും ബീറ്റ്റൂട്ടും കാബേജും കാരറ്റും വിവിധ ഇനം ബീന്‍സും എല്ലാം സമൃദ്ധമായി ഇവിടെ വിളഞ്ഞിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ അടുക്കളകളെ കണ്ണീരിലാക്കിയ സവാള വിലവര്‍ധനവാണ് ഉത്തരേന്ത്യന്‍ പച്ചക്കറികള്‍ നമ്മുടെ മണ്ണില്‍ വിളയിക്കാന്‍ കഴിയുമോ എന്ന പരീക്ഷണത്തിലേക്ക് മണിയെ നയിച്ചത്.
ചെറു ധാന്യങ്ങളുടെ ഉപയോഗം നിര്‍ത്തി മുന്ന് നേരം തവിട് കളത്ത അരി ശീലമാക്കിയതാണ് മലയാളികളെ രോഗികളാക്കിയത് എന്നാണ് മണിയുടെ
അഭിപ്രായം. ഇതിന് പരിഹാരമായി റാഗി, ചോളം, മുതിര തുടങ്ങി വിവിധ ഇനം ചെറു ധാന്യങ്ങളും മണിയുടെ കൃഷിയിടം ആകര്‍ഷകമാക്കുന്നു. മലയാളികള്‍ ഏറ്റവുമധികം വിഷം അകത്താക്കുന്ന മല്ലി ഇലയും പുതിനയും മണി വളര്‍ത്തുന്നുണ്ട്.
തന്റെ കൃഷിയിടമാണ് മലയാളികള്‍ക്കുള്ള മണിയുടെ സന്ദേശം. അടുക്കളത്തോട്ടം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും മണിയുടെ വക വിത്തുകള്‍ സൗജന്യമാണ്. ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും. കഴിഞ്ഞ വര്‍ഷം സവാള വിത്തുകള്‍ മാത്രം രണ്ടായിരത്തിലധികം പേര്‍ക്ക് സൗജന്യമായി അയച്ചുകൊടുത്തിട്ടുണ്ട് ഈ ജൈവ കര്‍ഷകന്‍.
Your comment?