ഒരുവയസ്സുള്ള ബെല്ല എന്ന വളര്‍ത്തുനായ ഓര്‍മയായി: ജീവനുതുല്യം സ്‌നേഹിച്ച ബെല്ലയുടെ മരണകാരണം അറിയണം
അടൂര്‍: ഒരുവയസ്സുള്ള ബെല്ല എന്ന വളര്‍ത്തുനായ ഓര്‍മയായി. എന്നാല്‍, ബെല്ലയുടെ ജഡം രണ്ടുദിവസമായി പ്രത്യേകം സജ്ജീകരിച്ച സംവിധാനത്തില്‍ വീട്ടില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്, ഉടമസ്ഥ അടൂര്‍ കേന്ദ്രീയവിദ്യാലയത്തിന് സമീപം നന്ദിയത്ത് ശാന്തിനി എസ്.പിള്ള. പെറ്റുകഴിഞ്ഞാണ് ബെല്ല ചത്തത്. ജീവനുതുല്യം സ്‌നേഹിച്ച ബെല്ലയുടെ മരണകാരണം അറിയണമെന്നതാണ് ശാന്തിനിയുടെ ആഗ്രഹം.
ഇതിനായി ജഡപരിശോധന നടത്തണമെന്ന ആവശ്യവുമായി ശാന്തിനി വിവിധ മൃഗാശുപത്രികളെ സമീപിച്ചു. എന്നാല്‍, ആരും അതിന് തയ്യാറായില്ലെന്ന് ശാന്തിനി പറയുന്നു.
മാര്‍ച്ച് 31-നാണ് ബെല്‍ജിയം മെലിനോയിസ് ഇനത്തില്‍പ്പെട്ട, 70,000 രൂപയോളം വിലയുള്ള നായ രണ്ടുകുഞ്ഞുങ്ങളെ പെറ്റത്. രണ്ടുദിവസം കഴിഞ്ഞ് അവശത തുടങ്ങി. ഞായറാഴ്ച രാവിലെ അടൂര്‍ വടക്കടത്തുകാവില്‍ നായ്ക്കളെ പരിശോധിക്കുന്ന സ്വകാര്യ കേന്ദ്രത്തിലെത്തിച്ചു.
പാര്‍വോ വൈറസ് ആണെന്നുപറഞ്ഞ് ഒന്‍പത് ഇഞ്ചക്ഷന്‍ നല്‍കിയെന്നും ശാന്തിനി പറയുന്നു. തുടര്‍ന്ന് വീട്ടിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെയോടെ ബെല്ല ചത്തു. ചത്തനിലയില്‍ ഒരു നായക്കുട്ടിയെക്കൂടി സമീപത്ത് കണ്ടെത്തുകയും ചെയ്തു. ഒരുപക്ഷേ, ഈ നായക്കുട്ടിയെ പെറാന്‍പറ്റാതെ വന്നതാകാം പ്രശ്‌നത്തിനിടയാക്കിയതെന്ന് ശാന്തിനി പറയുന്നു. എന്നാല്‍, അമിതമായി ഇഞ്ചക്ഷന്‍ നല്‍കിയത് ദോഷകരമായി ബാധിച്ചിരിക്കാമെന്നും ശാന്തിനി സംശയിക്കുന്നു.
തുടര്‍ന്നാണ് ബെല്ലയുടെ ജഡവുമായി ശാന്തിനി, ഭര്‍ത്താവ് രാഘേഷ് ആര്‍.പിള്ളയ്‌ക്കൊപ്പം അടൂര്‍ നഗരസഭയുടെ മൃഗാശുപത്രിയിലെത്തിയത്. ജഡപരിശോധന വേണമെന്ന് പറഞ്ഞപ്പോള്‍ അധികൃതര്‍ തിരുവല്ല മൃഗാശുപത്രിയിലേക്ക് അയച്ചു. അവിടെയെത്തിയപ്പോള്‍, എവിടെയാണോ നായ ചത്തത്, അവിടത്തെ ഗവ. മൃഗാശുപത്രിയില്‍ പരിശോധന നടത്തണമെന്നറിയിച്ചു. വീണ്ടും അടൂര്‍ മൃഗാശുപത്രിയിലെത്തി.
പോലീസിന്റെ കത്തുവേണമെന്നായി ആശുപത്രി അധികൃതര്‍. അങ്ങനെ അടൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് പരാതി സ്വീകരിച്ച് പെറ്റീഷന്‍ നമ്പര്‍ നല്‍കി. ഇതുമായി അടൂര്‍ മൃഗാശുപത്രിയിലെത്തിയെങ്കിലും അധികൃതര്‍ ജഡപരിശോധന നടത്താന്‍ പറ്റില്ലെന്ന് അറിയിച്ചെന്ന് ശാന്തിനി പറയുന്നു. ഇനി എന്തുചെയ്യണമെന്നറിയാത്ത വിഷമത്തിലാണ് ഇവര്‍. ഐസിട്ട പെട്ടിക്കുള്ളിലാണ് ബെല്ലയുടെ ജഡം സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ സമയം അതിക്രമിച്ചു. ബുധനാഴ്ചയെങ്കിലും പോസ്റ്റുമോര്‍ട്ടം നടക്കണം. അല്ലെങ്കില്‍ ജഡം സൂക്ഷിക്കാന്‍ പറ്റാതെവരുമെന്നും അവര്‍ പറയുന്നു.
Your comment?