രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. രാജസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തില്‍ അഞ്ചു പന്തുകള്‍ ബാക്കി നില്‍ക്കെ റോയല്‍ ചാലഞ്ചേഴ്‌സ് മറികടന്നു. 62 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടപ്പെട്ട ബാംഗ്ലൂരിനെ ഷഹബാസ് അഹമ്മദിന്റെയും ദിനേഷ് കാര്‍ത്തിക്കിന്റെയും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണു വിജയത്തിലേക്കെത്തിച്ചത്.
26 പന്തുകള്‍ നേരിട്ട ഷഹബാസ് 45 റണ്‍സെടുത്താണു പുറത്തായത്. 23 പന്തില്‍ 44 റണ്‍സെടുത്തു പുറത്താകാതെ നിന്ന കാര്‍ത്തിക്ക് അവസാന പന്ത് സിക്‌സ് പായിച്ച് ടീമിന്റെ വിജയം കുറിച്ചു. ബാംഗ്ലൂരിനായി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസിയും അനൂജ് റാവത്തും മികച്ച തുടക്കമാണു നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്തു. 20 പന്തില്‍ 29 റണ്‍സെടുത്ത ബാംഗ്ലൂര്‍ ക്യാപ്റ്റനെ യുസ്‌വേന്ദ്ര ചെഹല്‍ പുറത്താക്കി. തുടര്‍ന്ന് എട്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ പിഴുത് രാജസ്ഥാന്‍ മത്സരത്തിലേക്കു തിരിച്ചെത്തി. അനൂജ് റാവത്ത് (25 പന്തില്‍ 26), വിരാട് കോലി (5), ഡേവിഡ് വില്ലി (പൂജ്യം) എന്നിവരാണു പുറത്തായത്.
സ്‌കോര്‍ 87 ല്‍ നില്‍ക്കെ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡും (5) പുറത്തായി. തുടര്‍ന്നായിരുന്നു ഷഹബാസിന്റെയും ദിനേഷ് കാര്‍ത്തിക്കിന്റേയും വെടിക്കെട്ട് ബാറ്റിങ്. അതിവേഗം കളിയുടെ ഗതിമാറ്റിയ താരങ്ങള്‍ മത്സരം ബാംഗ്ലൂരിന്റെ കൈകളിലെത്തിച്ചു. 18-ാം ഓവറില്‍ ഷഹബാസ് പുറത്തായെങ്കിലും അപ്പോഴേക്കും ബാംഗ്ലൂര്‍ സുരക്ഷിത നിലയിലെത്തിയിരുന്നു. രാജസ്ഥാനു വേണ്ടി ട്രെന്റ് ബോള്‍ട്ടും ചെഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നവ്ദീപ് സെയ്‌നി ഒരു വിക്കറ്റും സ്വന്തമാക്കി.
Your comment?