സില്‍വര്‍ലൈന്‍ പദ്ധതിയുടെ 415 കിലോമീറ്റര്‍ ദൂരത്തിന്റെ അലൈന്‍മെന്റ് പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിച്ചതില്‍ ദുരൂഹത
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ 415 കിലോമീറ്റര്‍ ദൂരത്തിന്റെ അലൈന്‍മെന്റ് പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിച്ചതില്‍ ദുരൂഹത. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നിയമസഭാ ചോദ്യത്തിനു മറുപടിയായി നല്‍കിയ ഡിപിആര്‍ രേഖയില്‍ 115 കിലോമീറ്റര്‍ ദൂരം കഴിഞ്ഞുള്ള അലൈന്‍മെന്റ് ഉണ്ടായിരുന്നില്ല. എംഎല്‍എ പരാതി നല്‍കി ഒന്നര മാസത്തിനു ശേഷമാണു പൂര്‍ണമായ അലൈന്‍മെന്റ് നല്‍കിയത്.
ഗതാഗത വകുപ്പാണു നിയമസഭാ സെക്രട്ടേറിയറ്റിനു ഡിപിആറും അലൈന്‍മെന്റും കൈമാറിയത്. 415 കിലോ മീറ്റര്‍ അലൈന്‍മെന്റ് രേഖ അവര്‍ നല്‍കിയിരുന്നില്ലെന്നു നിയമസഭാ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗതാഗത വകുപ്പിനു പൂര്‍ണ അലൈന്‍മെന്റ് ഉള്‍പ്പെടെയുള്ള ഡിപിആറാണു നല്‍കിയിരുന്നതെന്നു കെ-റെയില്‍ എംഡി നേരത്തേ വിശദീകരിച്ചിരുന്നു. അലൈന്‍മെന്റിന്റെ കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള ഭാഗം ഗതാഗത വകുപ്പില്‍ പിടിച്ചുവച്ചത് എന്തിനെന്നതു ദുരൂഹം. മധ്യകേരളത്തില്‍ പല ഭാഗത്തും ആദ്യ അലൈന്‍മെന്റ് മാറിയതായി പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
ഡിപിആര്‍ രഹസ്യരേഖയാണെന്നും പുറത്തു വിടാനാകില്ലെന്നുമായിരുന്നു തുടക്കം മുതല്‍ സര്‍ക്കാരിന്റെയും കെ-റെയിലിന്റെയും നിലപാട്. കഴിഞ്ഞ ഒക്ടോബറില്‍ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി ഡിപിആര്‍ നല്‍കാമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും കൊടുത്തില്ല. ജനുവരിയില്‍ എംഎല്‍എ അവകാശലംഘന നോട്ടിസ് കൊടുത്തപ്പോഴാണു ഡിപിആര്‍ നിയമസഭാ സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം മുതലുള്ള 115 കിലോ മീറ്ററിന്റെ അലൈന്‍മെന്റ് മാത്രമേയുള്ളൂവെന്നു മനസ്സിലായപ്പോള്‍ വീണ്ടും പരാതി നല്‍കിയെങ്കിലും ഒന്നരമാസം കഴിഞ്ഞാണു പൂര്‍ണമായ അലൈന്‍മെന്റ് ലഭിച്ചത്.
ഇതേസമയം, പൂര്‍ണമായ അലൈന്‍മെന്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഗതാഗത വകുപ്പിനു നല്‍കിയെന്നു കെ-റെയില്‍ എംഡി അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഗതാഗത വകുപ്പില്‍ നിന്നു ഡിപിആര്‍ ലഭിച്ചപ്പോള്‍ അലൈന്‍മെന്റ് പൂര്‍ണമല്ലായിരുന്നെന്നും എംഎല്‍എയുടെ പരാതി ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് അതു നല്‍കിയതെന്നും നിയമസഭാ സെക്രട്ടേറിയറ്റ് വിശദീകരിക്കുന്നു.
Your comment?