പഴയ ടൗണ്‍ഹാള്‍ നിന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ടു കാറുകള്‍ മണിക്കൂറുകളുടെ ഇടവേളയില്‍ കത്തിനശിച്ചു
അടൂര്‍: പഴയ ടൗണ്‍ഹാള്‍ നിന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ടു കാറുകള്‍ മണിക്കൂറുകളുടെ ഇടവേളയില്‍ കത്തിനശിച്ചു. സംഭവത്തില്‍ ദുരൂഹത സംശയിച്ച് പോലീസ്.
നഗരസഭയിലെ അസി. എന്‍ജിനീയര്‍ റഫീക്കിന്റെ കാറാണ് ആദ്യം കത്തിയത്. കാറിന് അധികം പഴക്കമില്ല. വൈകിട്ട് അഞ്ചരയോടെയാണ് വാഹനം കത്തിയത്. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
രാത്രി എട്ടു മണിയോടെയാണ് രണ്ടാമത്തെ കാര്‍ കത്തിയത്. ആരോഗ്യ വകുപ്പിന്റെ പഴയ മാരുതി എസ്റ്റീം കാര്‍ ആണ് കത്തി നശിച്ചത്. വാഹനം ഏറെ നാളായി ഉപയോഗശൂന്യമായി കിടക്കു കയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ അഗ്നിശമന സേന സ്ഥലത്ത് എത്തി തീ അണച്ചു. സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സിയാദ്, ദീപേഷ്, അനീഷ്, സാനിഷ്, സന്തോഷ്, സുരേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ആദ്യം കാര്‍ കത്തിയത് യാദൃശ്ചിക സംഭവമായിട്ടാണ് പോലീസ് കണ്ടത്. എന്നാല്‍, ഇതേ സ്ഥലത്ത് തന്നെ പഴയതാണെങ്കിലും മറ്റൊരു കാര്‍ കത്തിയതിലുടെയാണ് ആരോ മനപൂര്‍വം ചെയ്തതാണെന്ന സംശയം വന്നിരിക്കുന്നത്. രണ്ടാമത്തെ കാറിന് ഉള്‍വശത്താണ് തീ പടര്‍ന്നത്. ആരോ കാറിനകത്ത് തീവച്ചതാകാമെന്ന സംശയത്തിലാണ് പോലീസ്.
Your comment?