അടൂര്‍ പൊലീസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂം വണ്ടിയുടെ പാച്ചില്‍ കണ്‍ട്രോളു വിട്ട്: കുഷ്യന്‍ ഇളകിപ്പോയ സീറ്റില്‍ പഞ്ഞി മാത്രം: ഇരുന്നാല്‍ മൂട്ട കടിക്കും..
അടൂര്‍: കണ്‍ട്രോള്‍ റൂം വണ്ടി പായുന്നത് കണ്‍ട്രോളു വിട്ട്. കുഷ്യന്‍ ഇളകിപ്പോയ സീറ്റില്‍ പഞ്ഞി മാത്രം. ഇരുന്നാല്‍ മൂട്ട കടിക്കും. ഇരുന്നില്ലെങ്കില്‍ ഇടി കിട്ടും. അടൂര്‍ പൊലീസ് സ്റ്റേഷനിലെ വാഹനങ്ങളുടെ അവസ്ഥയാണ്. എംസി റോഡിലെ പ്രധാന സ്റ്റേഷനില്‍ ഇതൊക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യാനാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.
എസ്എച്ച്ഓയുടെയും ഡിവൈഎസ്പിയുടെയുമൊഴികെ സ്റ്റേഷനിലുള്ള ഔദ്യോഗിക വാഹനങ്ങള്‍ എല്ലാം തന്നെ ജാംബവാന്‍ മോഡലാണ്.
24 മണിക്കൂറും ഓടുന്ന കണ്‍ട്രോള്‍ റൂം വണ്ടിക്ക് ഒരു കണ്‍ട്രോളുമില്ല. എന്നും കേടായി വഴിയില്‍ കിടക്കും. നേരാവണ്ണം ഒരു ഇരിപ്പിടം പോലും വാഹനത്തിലില്ല. റെക്സിന്‍ കീറി കമ്പി പുറത്തേക്ക് വന്ന അവസ്ഥയിലാണ്. ഇതാണ് ജനങ്ങളുടെ അത്യാവശ്യത്തിന് പോകുന്ന വാഹനത്തിന്റെ അവസ്ഥ. മറ്റൊരു വാഹനം പുറത്തിറക്കിയാല്‍ പരിസര മലിനീകരണമുണ്ടാക്കുന്നതാണ്.
അത്ര കറുത്ത പുകയാണ് പുറത്തേക്ക് വരുന്നത്. ഏതെങ്കിലും അടിയന്തിര ഘട്ടത്തില്‍ ജനങ്ങള്‍ സ്റ്റേഷനിലേക്ക് വിളിച്ചാല്‍ പോലീസിന്റെ സേവനം ലഭ്യമാക്കാന്‍ ഏറെ കാത്തിരിക്കേണ്ട അവസ്ഥയാണ്. കാരണം വാഹനമില്ലായ്മ തന്നെയാണ്. എം.സി റോഡായതിനാല്‍ മിക്കപ്പോഴും മന്ത്രിമാര്‍ക്ക് പൈലറ്റ് പോകേണ്ടതും ഇതേ വാഹനങ്ങള്‍ തന്നെയാണ്. അതിനാലും പലപ്പോഴും അടിയന്തിര ഘട്ടത്തില്‍ എത്തേണ്ടിടത്ത് എത്താന്‍ സാധിക്കുന്നില്ല എന്ന പരാതി നിരവധിയാണ്. ഇതൊക്കെ കാരണം പോലീസും ജനങ്ങളും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്ന സംഭവം ഉണ്ടാകാറുണ്ട്.
ഏറെ തിരക്കുള്ള അടൂര്‍ സ്റ്റേഷനില്‍ വാഹനങ്ങളുടെ അഭാവം തുടങ്ങിയിട്ട് വര്‍ഷങ്ങളാകുന്നു. നിരവധി തവണ വാഹനത്തിന്റെ അഭാവത്തെ പറ്റി പരാതി ഉയര്‍ന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. അടൂരില്‍ സ്റ്റേഷന്‍ ആവശ്യത്തിനായിട്ടുള്ളത് രണ്ട് വണ്ടിയാണ്. അതാകട്ടെ രണ്ടും മൂന്നു ലക്ഷത്തില്‍ പുറത്ത് കിലോമീറ്റര്‍ ഓടിയതും. ഇതില്‍ സുമോ വാഹനമാണ് അമിതമായ പുകയും പുറത്തേക്ക് തള്ളി പോകുന്നത്.
ട്രാഫിക്ക് യൂണിറ്റിന്റെ വാഹനത്തിന്റെ അവസ്ഥയും വളരെ മോശമാണ്. മുകള്‍ഭാഗവും വാതില്‍ ഭാഗവും എല്ലാം തുരുമ്പെടുത്ത് ഏതു നിമിഷവും ഇളകി വീഴാവുന്ന അവസ്ഥയിലാണ്. ജില്ലയില്‍ കേസുകള്‍ എടുക്കുന്നതില്‍ ഏറ്റവും വലിയ സ്റ്റേഷനാണ് അടൂര്‍. അതു പോലെ തന്നെ ഒരു നഗരസഭയും അഞ്ചു പഞ്ചായത്തുകളിലുമാണ് സ്റ്റേഷന്റെ സേവനം ആവശ്യമായി വരുന്നത്. ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നതും അടൂര്‍ സ്റ്റേഷന്‍ പരിധിയിലാണ്.
സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് നല്‍കാനുള്ള നിരവധി വാഹനങ്ങള്‍ കിടപ്പുണ്ട്. എന്നിട്ടും അടൂര്‍ പോലീസ് സ്റ്റേഷനെ അവഗണിക്കുകയാണ്. നല്ലതുപോലെ ഓടുന്ന മൂന്ന് വാഹനങ്ങളെങ്കിലും അടൂര്‍ സ്റ്റേഷനിലേക്ക് നിലവില്‍ ആവശ്യമാണ്. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Your comment?