കൂടുതല്‍ ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചു: അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ സര്‍വ്വീസുകള്‍ മുടങ്ങുന്നു
അടൂര്‍: കൂടുതല്‍ ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചതോടെ അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ സര്‍വ്വീസുകള്‍ മുടങ്ങുന്നു. ഇന്നലെ 40 സര്‍വ്വീസ് അയയ്‌ക്കേണ്ടിടത്ത് 28 സര്‍വ്വീസാണ് നടത്തിയത്. ആഴ്ചാരംഭവും പ്രവര്‍ത്തി ദിവസവുമായ ഇന്ന് ആവിശ്യത്തിന് ബസില്ലാതെ യാത്രക്കാര്‍ വലയും. 40 സര്‍വ്വീസുകളിലായി 44 ബസുകളാണ് ഇവിടെ ഉള്ളത്. 88 കണ്ടക്ടര്‍മാരില്‍ രണ്ട് പേര്‍ വേറെ ജോലി കിട്ടി പോവുകയും എട്ട് പേര്‍ ദീര്‍ഘ അവധിയിലും രണ്ട് പേര്‍ പമ്പ ഡ്യൂട്ടിയിലുമാണ് മൂന്ന് പേര്‍ നൈറ്റ് ഡ്യൂട്ടിയിലാണ് ഇവര്‍ ഉള്‍പ്പടെ 21 പേരുടെ കുറവുണ്ട്. 88 കണ്ടക്ടര്‍ മാര്‍ വേണ്ടിടത്ത് 75 പേരാണുള്ളത്. 93 ഡ്രൈവര്‍മാര്‍ വേണ്ടിടത്ത് 15 പേരുടെ കുറവുണ്ട്. ചിലര്‍ ദീര്‍ഘ അവധിയിലാണ്. വര്‍ഷാവസാന മായതോടെ അവധി എടുത്ത് തീര്‍ക്കാന്‍ അപേക്ഷയുമായി എത്തുന്നവര്‍ ഉണ്ട്. ഒരു ദിവസം 72 പേര്‍ മാത്രമേ ഡ്യൂട്ടിക്ക് ഉണ്ടാകുകയുള്ളൂ. ഇവരെ വച്ച് ഡിപ്പോയിലെ സര്‍വ്വീസുളെല്ലാം ഓടിക്കാന്‍ കഴിയില്ല. ഇതോടെ യാത്രക്കാര്‍ വലയുമെന്ന് ഉറപ്പാണ്. ജീവനക്കാരുടെ കുറവ് കൊല്ലം – പത്തനംതിട്ട ,കായംകുളം – പുനലൂര്‍, അടൂര്‍ – കൊട്ടാരയ്ക്കര – ആയൂര്‍ചെയിന്‍ സര്‍വ്വീസുകളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഗ്രാമീണ സര്‍വ്വീസുകള്‍ മുടങ്ങുന്നതോടെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ യാത്രാ ക്ലേശം രൂക്ഷമാകും.
കീരുകുഴി സര്‍വ്വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കുകയാണ്. കീരുകുഴിക്ക് രണ്ട് ഷെഡ്യൂളാണ് ഉള്ളത്. ബസുകളുടെ കുറവ് മൂലം അടൂര്‍ ആയൂര്‍ ചെയിന്‍ സര്‍വ്വീസിനുപയോഗിക്കുന്ന ബസുകളില്‍ കുറച്ച് പിന്‍വലിച്ച് വേണം കീരുകുഴി സര്‍വീസിനയയ്ക്കാന്‍ ഇതോടെ അടൂര്‍ – ആയൂര്‍ റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമാകും. എം.സി റോഡില്‍ ഓര്‍ഡിനറി ബസുകള്‍ കുറവാണ്. അതിനാല്‍ ചെറിയ യുംഗ്ഷനുകളില്‍ ഇറങ്ങേണ്ടവര്‍ ഓഡിനറി ബസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഓര്‍ഡിനറി സര്‍വ്വീസ് കുറയുന്നതൊടെ അമിതചാര്‍ജ് നല്കി ടാക്‌സി വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാകുന്നതോടെ തൊഴിലാളിയും വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടും. പൊതുവെ അടൂര്‍ ഡിപ്പോയില്‍ ഓര്‍ഡിനറി ബസുകള്‍ കുറവുണ്ട്. ഇവിടെ ഉണ്ടായിരുന്ന ഓര്‍ഡിനറി ബസുകളില്‍ രണ്ടെണ്ണം ചീഫ് ഓഫീസിലെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫാസ്റ്റ് പാസഞ്ചറും സൂപ്പര്‍ ഫാസ്റ്റുമാക്കി.
കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് കോമണ്‍ പൂള്‍ വ്യവസ്ഥയില്‍ 15 ഓര്‍ഡിനറി ബസുകള്‍ ഇവിടെ നിന്നും കൊണ്ടുപോയി. അടൂരിലെ ഡിപ്പോയിലെ ദുരിതാവസ്ഥ പരിഹരിക്കാന്‍ വകുപ്പ് മന്ത്രി ഡിപ്പോയില്‍ എത്തുകയും വലിയ പ്രഖ്യാപനങ്ങള്‍ നടത്തുകയും ഇവിടെ നിന്ന് കോമണ്‍ പൂള്‍ വ്യവസ്ഥയില്‍ കൊണ്ടുപോയ ബസുകള്‍ മടക്കി കൊണ്ടുവരുമെന്ന് പറയുകയും ചെയ്തു.എന്നാല്‍ 15 കൊണ്ടുപോയിടത്ത് രണ്ട് ബസുകള്‍ മാത്രമെ തിരികെ ലഭിച്ചുള്ളൂ.
അന്ന് മന്ത്രി എത്തിയപ്പോള്‍ നടത്തിയ പ്രഖ്യാപനം കേട്ട് അടൂര്‍ ഡിപ്പോ രക്ഷപെട്ടന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. ഓരോ ദിവസവും ഡിപ്പോയുടെ അവസ്ഥ ദുരിതത്തില്‍ നിന്ന് ദുരിതത്തിലേക്കാണ്.
Your comment?