ബസില്‍ കയറാന്‍ നിന്ന യുവതിയെ തിരക്കിനിടെ കടന്നു പിടിച്ച് അപമാനിച്ചു: പൊലീസിന്റെ മാരത്തോണ്‍ പരിശോധയില്‍ എഴുപതുകാരന്‍ അറസ്റ്റില്‍:
അടൂര്‍: മാതാവിനൊപ്പം ബസില്‍ കയറാന്‍ നിന്ന വിദ്യാര്‍ഥിയായ യുവതിയെ തിരക്കിനിടെ കടന്നു പിടിച്ച് അപമാനിച്ച കേസില്‍ 36 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ എഴുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചെറുമകളുടെ പ്രായമുള്ള യുവതിയെ അപമാനിച്ച വള്ളിക്കോട് മാമൂട് കുടമുക്ക് ചാരുവിളയില്‍ (ശ്രീജിത്ത് ഭവനം) കൃഷ്ണന്‍ കുട്ടിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 10 നാണ് സംഭവം. അമ്മയോടൊപ്പം വീട്ടിലേക്ക് പോകുവാന്‍ ടൗണില്‍ പഴയ എസ്ബിടിക്ക് സമീപത്തു നിന്നു ബസ് കയറുന്നതിനിടയിലാണ് യുവതി അപമാനിക്കപ്പെട്ടത്. തിരക്ക് കാരണം കുട്ടി ബസില്‍ കയറുന്നതിനെ മാതാവില്‍ നിന്ന് വേര്‍പെട്ട് അല്‍പ്പം പിന്നിലായിപ്പോയി. ഈ തിരക്കിനിടയില്‍ അതേ ബസില്‍ വന്നിറങ്ങിയ ആള്‍ യുവതിയെ കടന്ന് പിടിച്ച് അപമാനിച്ച ശേഷം കടന്നു കളയുകയായിരുന്നു. ആദ്യം ഭയന്നു പോയ യുവതി മനഃസാന്നിധ്യം വീണ്ടെടുത്തു ബസില്‍ കയറി അമ്മയോട് കാര്യം പറഞ്ഞു. അപ്പോഴേക്കും ബസ് സ്റ്റാന്‍ഡില്‍ നിന്ന് വിട്ടിരുന്നു. പ്രതി ഈ സമയം കൊണ്ട് രക്ഷപ്പെടുകയും ചെയ്തു.
തുടര്‍ന്ന് ബസ് നിര്‍ത്തി ടൗണില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡിനോട് വിവരം പറഞ്ഞു. എന്നിട്ട് യുവതി മാതാവിനൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ഉടന്‍ തന്നെ എസ്ഐ മനീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഒരു പ്രമുഖ വ്യവസായ സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ത്ഥിയെ അപമാനിക്കുന്ന രംഗം കിട്ടി. അനശ്വര ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതി സംഭവ ശേഷം ഓടിമാറുന്നതും റോഡ് മുറിച്ചു കടക്കുന്നതും കണ്ടെത്തി. റോഡിന്റെ എതിര്‍വശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇയാള്‍ ഈ സമയം പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഏതോ ഒരു പ്രൈവറ്റ് ബസ്സില്‍ കയറി പോകുന്നതും കണ്ടു.
തുടര്‍ന്ന് ആ സമയം പുറപ്പെട്ട പത്തോളം ബസുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതി കയറിയത് പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന ബസ് ആണെന്ന് മനസിലാക്കിയ പൊലീസ് അടൂര്‍ മുതല്‍ പത്തനംതിട്ട വരെ അന്വേഷണം വ്യാപിപ്പിച്ചു. പ്രതി തോലുഴം ഭാഗത്തുണ്ടെന്ന് സൂചന ലഭിച്ചതോടെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുന്ന സമയം പ്രതികരിക്കാത്തതാണ് പല പ്രതികളും രക്ഷപ്പെട്ട് പോകുന്നതിന് കാരണമെന്ന് അടൂര്‍ ഇന്‍സ്പെക്ടര്‍ ടി.ഡി പ്രജീഷ് പറഞ്ഞു. എസ്.ഐ മനീഷ്, സി.പി.ഓ അന്‍സാജു, അനുരാഗ് മുരളീധരന്‍, രതീഷ് ചന്ദ്രന്‍,സനല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Your comment?