റോഡിന്റെ പേര് ഇ.വി കൃഷ്ണപിള്ള: ചേന്നമ്പള്ളി – നെല്ലിമുകള്‍ റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണ്ണം
അടൂര്‍: ചേന്നമ്പള്ളി – നെല്ലിമുകള്‍ റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണ്ണം. ഹാസ്യ സാമ്രാട്ടായിരുന്ന ഇ.വി കൃഷ്ണപിള്ളയുടെ പേരിലുള്ള ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡിന്റെ ടാറിംഗ് രണ്ട് ഘട്ടമായി നടത്തുകയാണ്. ബി.എം & ബി.സി നിലവാരത്തിലാണ് ടാറിംഗ്. ചേന്നമ്പള്ളി മുതല്‍ പെരിങ്ങനാട് വഞ്ചിമുക്ക് വരെയുള്ള 1.65 കിലോമീറ്റര്‍ ഭാഗം ടാറിംഗ് നടത്താന്‍ രണ്ട് കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ചേന്നമ്പള്ളിയില്‍ നിന്ന് പെരിങ്ങനാട് വഞ്ചിമുക്ക് വരെ 1.6 കിലോമീറ്റര്‍ ഭാഗം ബി.എം നിലവാരത്തില്‍ ആദ്യ ലെയര്‍ ടാറിങ് നടത്തി. ഇപ്പോള്‍ വാട്ടര്‍ അതോററ്ററി പൊട്ടിയ പൈപ്പ് മാറ്റി പുതിയ പൈപ്പിടല്‍ പൂര്‍ത്തിയായെങ്കിലേ ഇനി ബി.സി നിലവാരത്തില്‍ അവസാന ഘട്ട ടാറിംഗ് നടത്താനാകു.
ചെറു പുഞ്ച ഭാഗത്ത് ബിസി നിലവാരത്തില്‍ ചെയ്ത റോഡിന്റെ ഒരു വശത്തെ പൈപ്പ് പൊട്ടിയത് മാറ്റി പുതിയ പൈപ്പ് ഇടുന്ന പണി നടക്കുകയാണ്. ചെറുപുഞ്ചയില്‍സംരക്ഷണ വാള്‍ നിര്‍മ്മിച്ച ഭാഗത്താണ് പൈപ്പ് പൊട്ടിയത്.
ടാറിംഗ് ഇളക്കിയാണ് ഇപ്പോള്‍ വാട്ടര്‍ അതോറിറ്റി പൊട്ടിയ പൈപ്പ് മാറ്റി പുതിയ പൈപ്പിടുന്നത്. മണ്ണ് മാന്തി ഉപയോഗിച്ച് റോഡിന്റെ ഒരു വശത്തെ സംരക്ഷണഭിത്തിയുടെ വശത്ത് നിന്നും ആഴത്തില്‍ മണ്ണ് നീക്കുന്നത് സംരക്ഷണഭിത്തിക്ക് ബലക്ഷയം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ടാറിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ ചേന്നമ്പള്ളി മുതല്‍ പെരിങ്ങനാട് വഞ്ചിമുക്ക് വരെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പെരിങ്ങനാട് ത്യചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രം, സ്‌കൂള്‍ എന്നിവിടങ്ങളിലെക്ക് പോകേണ്ടവര്‍ ഈ റോഡിനെയാണ് ആശ്രയിച്ചിരുന്നത്.
പെരിങ്ങനാട് വഞ്ചിമുക്ക് മുതല്‍ നെല്ലിമുകള്‍ വരെയുള്ള 4.32 കിലോമീറ്റര്‍ റോഡ് ദേശീയ നിലവാ രത്തില്‍ ടാറിംഗ് നടത്തുന്നതിന് 4.3 കോടി രൂപയുടെ ഭരണാനുമതിയായി. വഞ്ചിമുക്ക് മുതല്‍ നെല്ലി മുകള്‍ വരെയുള്ള ഭാഗത്ത് പലയിടത്തും ടാറിംഗ് ഇളകി കിടക്കുകയാണ്.അധികൃതരുടെ അനാസ്ഥയാണ് റോഡ് നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Your comment?