പമ്പ: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിശുദ്ധി സേനയുടെ ഈ വര്‍ഷത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. പമ്പ ഗണപതിക്കോവിലിനോട് ചേര്‍ന്നുള്ള ആഞ്ജനേയ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം നടന്നത്.
സുഗമവും സുതാര്യവുമായ തീര്‍ത്ഥാടനം ഉറപ്പുവരുത്തുന്നതിന് ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അയ്യപ്പന്റെ പൂങ്കാവനം ശുചിയാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം. യാതൊരു പ്രശ്നവും കൂടാതെ എല്ലാവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനായി പ്രയത്നിക്കാമെന്നും കളക്ടര്‍ പറഞ്ഞു.
213 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ് എല്ലാവരും. 100 വിശുദ്ധി സേനാംഗങ്ങള്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമായി 50 പേര്‍ വീതവും കുളനടയിലും പന്തളത്തുമായി 13 പേരേയുമാണ് നിയോഗിച്ചിരിക്കുന്നത്. സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാനദി മാലിന്യ മുക്തമാക്കുക എന്നിവയ്ക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവത്കരണവും നടപ്പിലാക്കും. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാകും.
ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 1995 ലാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി രൂപീകരിച്ചത്. ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ദേവസ്വം ബോര്‍ഡ് അഡ്മിസ്ട്രേറ്റീവ് ഓഫീസര്‍ ഗോപകുമാര്‍, പമ്പാ ഗണപതി ക്ഷേത്രം മേല്‍ശാന്തിമാരായ പി.കെ ശ്രീകുമാരന്‍ വാസുദേവന്‍ നമ്പൂതിരി, എസ്.എസ് നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?