ഉത്രയുടെ കൊലപാതകം: പാമ്പിനേക്കാള്‍ വിഷമുള്ള സൂരജിന്റെ മുഖം ഓര്‍ക്കാന്‍പോലും നാട്ടുകാര്‍ക്ക് താത്പര്യമില്ല
അടൂര്‍: ഉത്രയുടെ കൊലപാതകത്തില്‍ സൂരജ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ പാമ്പിനേക്കാള്‍ വിഷമുള്ള സൂരജിന്റെ മുഖം ഓര്‍ക്കാന്‍പോലും ഇപ്പോള്‍ സൂരജിന്റെ പരിചയക്കാര്‍ക്കും നാട്ടുകാര്‍ക്കും താത്പര്യമില്ല.
സൂരജിന്റെ വീട് സ്ഥിതിചെയ്യുന്ന പറക്കോട് പ്രദേശത്തെ മിക്കവരും തിങ്കളാഴ്ച ഉത്ര കേസിലെ വിധി വരുന്നതും കാത്ത് ടി.വി.ക്കുമുന്നിലായിരുന്നു. സൂരജിന് അര്‍ഹമായ ശിക്ഷ കിട്ടുമെന്നുതന്നെ ആയിരുന്നു നാട്ടുകാരുടെ ആദ്യപ്രതികരണം. സൂരജ് കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയ വാര്‍ത്ത പുറത്ത് വന്നശേഷം ആരുടെയും മുഖത്ത് വലിയ അദ്ഭുതമൊന്നും കാണാന്‍ സാധിച്ചില്ല.
സംഭവം പുറത്തുവന്ന ആദ്യ നാളുകളില്‍ കൊലപാതകത്തിന് പിന്നില്‍ സൂരജാണെന്ന് സൂരജിന്റെ സുഹൃത്തുക്കളിലും നാട്ടുകാരിലും പലര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് അറസ്റ്റും തെളിവെടുപ്പുമൊക്കെ നടന്നപ്പോഴാണ് കാര്യങ്ങള്‍ ഇവര്‍ക്ക് ബോധ്യമായത്. സൗമ്യനായി കാണപ്പെട്ടിരുന്ന ആളായിരുന്നു സൂരജ്. അധികം സൗഹൃദങ്ങള്‍ ഉണ്ടായിരുന്നില്ല. എപ്പോഴും മൊബൈലില്‍ യൂട്യൂബ് കാണുന്ന പ്രകൃതമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. കോഴി, താറാവ് ഇവയെ വളത്തുന്നതില്‍ ഏറെ താത്പര്യം കാട്ടിയിരുന്നു.
2018-ലാണ് സൂരജ് ഉത്രയെ വിവാഹം കഴിക്കുന്നത്. അടൂര്‍ ഗവ.ജനറല്‍ ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. സൂരജിന്റെ അറസ്റ്റിനുശേഷം തെളിവുനശിപ്പിക്കാന്‍വേണ്ടി ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ട കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെയും ഗാര്‍ഹിക പീഡനക്കേസില്‍ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം ഈ കുടുംബത്തിന് നാട്ടുകാരുമായി വലിയ ബന്ധമില്ലെന്നും സമീപവാസികള്‍ പറയുന്നു.
Your comment?