ഞങ്ങള്‍ പോയത് അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന് എത്തുന്നുണ്ടെന്ന് അറിഞ്ഞ്; ഡോ. ജയന്‍ സ്റ്റീഫന്റെ സസ്‌പെന്‍ഷന് കാരണമായ പരാതിയുടെ പകര്‍പ്പ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജയന്‍ സ്റ്റീഫന്‍ ആഴ്ച്ചയില്‍ രണ്ട് ദിവസം അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ കണ്‍സള്‍ട്ടേഷന്‍ നടത്താറുണ്ടായിരുന്നെന്ന് മരിച്ച അടൂര്‍ വില്ലേജ് ഓഫീസര്‍ എസ്. കലയുടെ ഭര്‍ത്താവ് വിവി ജയകുമാര്‍. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു മിനി സര്‍ജറിക്ക് തയ്യാറായത്. സര്‍ജറി ചെയ്യാനായി ജയന്‍ സ്റ്റീഫന്‍ ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക് കയറുന്നത് കണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ ജയകുമാര്‍ പറയുന്നു. അടൂര്‍ ഹോളി ക്രോസ് ആശുപത്രിയില്‍ സര്‍ജറിക്കിടെ മരിച്ച കലയുടെ ഭര്‍ത്താവ് വിവി ജയകുമാര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജയന്‍ സ്റ്റീഫനെ സസ്പെന്‍ഡ് ചെയ്തതും.
ഡോ. ജയന്‍ സ്റ്റീഫന്‍ കണ്‍സള്‍ട്ടേഷന് എത്തുന്നുണ്ടെന്ന് അറിഞ്ഞ് സെപ്റ്റംബര്‍ 27നാണ് ജയകുമാറും കലയും ഹോളിക്രോസ് ആശുപത്രിയിലെത്തിയത്. വിവിധ പരിശോധനകള്‍ക്ക് ശേഷം അന്ന് തന്നെ സര്‍ജറി നടത്തണമെന്ന് നിര്‍ദ്ദേശിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതും അദ്ദേഹമാണ്. ഒക്ടോബര്‍ ഒന്നിന് ഏഴരയോടെയാണ് മിനയെ ഓപ്പറേഷന്‍ തീയറ്ററില്‍ പ്രവേശിപ്പിച്ചത്. എട്ട് മണിയോടെ ഡോ. ജയന്‍ സ്റ്റീഫന്‍ ഓപ്പറേഷന്‍ തീയറ്ററിലേയ്ക്ക് കയറിപ്പോകുന്നതും താന്‍ കണ്ടെന്ന് ജയകുമാര്‍ പരാതിയില്‍ വ്യക്തമാക്കുന്നു.
രാവിലെ പത്തരയോടെ ഓപ്പറേഷന്‍ വിജയമാണെന്നും രോഗിയെ പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേയ്ക്ക് മാറ്റിയെന്നും ജയന്‍ സ്റ്റീഫനാണ് വീട്ടുകാരെ അറിയിച്ചത്. എന്നാല്‍ പതിനൊന്നരയോടെ ഭാര്യയെ കാണാന്‍ കയറിയ ജയകുമാര്‍ വെന്റിലേറ്ററില്‍ കിടക്കുന്ന കലയെയാണ് കണ്ടത്. ഇതിനെ പറ്റി ചോദിച്ചപ്പോള്‍ ചെറിയ ശ്വാസതടസമുണ്ടെന്നും കുറച്ചുസമയത്തിനുള്ളില്‍ അത് മാറ്റുമെന്നുമാണ് മറുപടി നല്‍കിയത്.
വൈകിട്ട് അഞ്ച് മണിയോടെ ഡ്യൂട്ടി നഴ്സ് ആവശ്യപ്രകാരം രോഗിക്ക് കഴിക്കാന്‍ ചായയും ചൂടുവെള്ളവും വാങ്ങിനല്‍കിയെന്നും ജയകുമാര്‍ പറയുന്നു. എന്നാല്‍ രാത്രി 10 മണിക്ക് ജയകുമാറിന്റെ സഹോദരി സന്ദര്‍ശിക്കുമ്പോഴും കലക്ക് ബോധം വീണിട്ടുണ്ടായിരുന്നില്ല. വിവരം തിരക്കിയപ്പോള്‍ വെന്റിലേറ്റര്‍ വലിച്ചുപറിക്കാതിരിക്കാന്‍ വീണ്ടും സെഡേഷന്‍ നല്‍കിയതാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
പിറ്റെദിവസം രാവിലെ ഭാര്യയ്ക്ക് ചായയുമായി എത്തിയപ്പോഴാണ് ജയകുമാറിനോട് ഡ്യൂട്ടി ഡോക്ടര്‍ ഭാര്യ അത്യാസന്ന നിലയിലാണെന്ന വിവരം അറിയിച്ചതെന്ന് ജയകുമാര്‍ പറയുന്നു. കലയെ കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ കോളേജിലേയ്ക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും അവിടെ നിന്നും ഐസിയു സൗകര്യമുള്ള ആംബുലന്‍സ് ഹോളിക്രോസിലേയ്ക്ക് തിരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ ജയകുമാറിനെ അറിയിച്ചു. എന്നാല്‍ ഒന്നരമണിക്കൂര്‍ വൈകി അടൂര്‍ തന്നെയുള്ള ആംബുലന്‍സാണ് എത്തിയതെന്നും ജയകുമാര്‍ പറയുന്നു. 35 മിനിറ്റ് കൊണ്ട് അവിടെയെത്തിച്ചെങ്കിലും അവര്‍ക്കും മിനിയെ രക്ഷിക്കാനായില്ല. 45 മിനിറ്റ് നേരച്ചെ ശ്രമങ്ങള്‍ക്കൊടുവില്‍ കല മരിച്ചതായി പത്ത് മണിയൊടെ അറിയിച്ചുവെന്നും ജയകുമാര്‍ പറയുന്നു.
അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ വച്ചുനടന്ന ശസ്ത്രക്രീയയിലോ തുടര്‍ന്നുണ്ടായ ചികില്‍സാ പിഴവിലോ ആണ് കലക്ക് മരണം സംഭവിച്ചതെന്ന് ജയകുമാര്‍ പരാതിയില്‍ തറപ്പിച്ചു പറയുന്നു. വിദഗ്ധ ചികില്‍സയ്ക്കായി അവര്‍ റഫര്‍ ചെയ്ത ആശുപത്രിയിലേയ്ക്ക് സമയബന്ധിതമായി മാറ്റാന്‍ അവര്‍ ശ്രമിച്ചില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും ജയകുമാര്‍ സമര്‍പ്പിച്ച ഈ പരാതിയുടെ പുറത്താണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി ഡോ. ജയന്‍ സ്റ്റീഫനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
Your comment?