പറക്കോട് സര്‍വീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള കോ-ഓപ്പ് ഹൈപ്പര്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം വിവാദത്തില്‍
അടൂര്‍: പറക്കോട് സര്‍വീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള കോ-ഓപ്പ് ഹൈപ്പര്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം വിവാദത്തില്‍. ചടങ്ങ് നടക്കുന്നത് നഗരസഭാതിര്‍ത്തിക്കുള്ളില്‍ ആയിട്ടും നഗരപിതാവായ ഡി. സജിയെ പരിപാടിയില്‍ നിന്നൊഴിവാക്കിയതും വൈസ് ചെയര്‍പേഴ്സനായ ദിവ്യ റെജി മുഹമ്മദിന് വേണ്ട പ്രാധാന്യം നല്‍കാത്തതുമാണ് വിവാദത്തിന് കാരണമായത്. ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുന്നിലെ വാകമരം അനുവാദമില്ലാതെ മുറിച്ചുവെന്നും ആരോപണം.
വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് കോ-ഓപ് മാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കുന്നത്. കൃഷിമന്ത്രി പി. പ്രസാദ് അധ്യക്ഷനാകുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സഹകരണ ഡയറക്ടര്‍ പിബി നൂഹ് എന്നിവര്‍ പങ്കെടുക്കുന്നു. ഈ ചടങ്ങിലേക്ക് സ്ഥലം എംപി ആന്റോ ആന്റണി, നഗരസഭാ ചെയര്‍മാന്‍ ഡി. സജി എന്നിവരെ ക്ഷണിച്ചിട്ടില്ല. പത്രങ്ങളില്‍ ബാങ്ക് നല്‍കിയ സപ്ളിമെന്റുകളില്‍ ഇവരുടെ പേരും പടവും ഉള്‍ക്കൊള്ളിച്ചിട്ടില്ല.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദിന്റെ പടം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയ്ക്ക് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ പരിപാടിയാകുമ്പോള്‍ പ്രോട്ടോക്കോള്‍ പ്രകാരം മറ്റ് ആശംസാ പ്രാസംഗികരെക്കാളും മുകളിലാണ് വൈസ് ചെയര്‍പേഴ്സന്റെ സ്ഥാനം.
Your comment?