നിപ്പയില്‍ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്: നിപ്പയില്‍ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. രോഗ ലക്ഷണമുണ്ടായിരുന്നവരുടെ പരിശോധനാ ഫലമാണ് പുറത്തു വരുന്നത്. ഇതില്‍ മരിച്ച കുട്ടിയുടെ അച്ഛനും അമ്മയും ചികില്‍സിച്ച ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കുട്ടിയുടെ അമ്മയുടെ പനിയും കുറഞ്ഞു. ഇത് നിപ്പകാരണമല്ലെന്ന് സ്ഥിരീകരിക്കുമ്പോള്‍ വലിയ രോഗ വ്യാപനം ഉണ്ടായില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. കോഴിക്കോടും ഇന്ന് മുതല്‍ പരിശോധന നടത്തും.
നിപാ രോഗലക്ഷണമുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതിനാലും പകര്‍ച്ച തടയാന്‍ പഴുതടച്ച സുരക്ഷ ഒരുക്കിയതിനാലും വൈറസ് വ്യാപനം കൂടാനിടയില്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. മരിച്ച മുഹമ്മദ് ഹാഷിമിന്റെ ഉമ്മയുള്‍പ്പെടെ രോഗ ലക്ഷണമുള്ള 11 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള ഇവരുടെ പരിശോധനാ ഫലം ആശ്വാസമാണഅ. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.സമ്പര്‍ക്ക പട്ടികയില്‍ 251 പേരുണ്ട്. ഇതില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 38 പേര്‍ ചികിത്സയിലാണ്. ഹൈറിസ്‌ക് വിഭാഗത്തില്‍ 54 പേരുണ്ട്. രോഗ ലക്ഷണമുള്ളവരില്‍ എട്ടു പേരുടെ സാമ്പിളുകള്‍ പുണെ വൈറോളജി ലാബിലേക്ക് അയച്ചു. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂര്‍ സ്വദേശികളായ ആരോഗ്യ പ്രവര്‍ത്തകരും ഐസൊലേഷനിലുണ്ട്. ഇവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. രോഗ്യവ്യാപനം കണ്ടെത്താനും തടയാനുമായി ഇ- ഹെല്‍ത്ത് പോര്‍ട്ടല്‍ തുടങ്ങി. കോഴിക്കോട്ടെ 317 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓണ്‍ലൈനായി നിപാ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കി.
ഓസ്ട്രേലിയയില്‍ നിന്ന് മോണോക്ലോണല്‍ ആന്റി ബോഡി രണ്ടു ദിവസത്തിനുള്ളില്‍ എത്തിക്കുമെന്ന് ഐസിഎംആര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീടിന്റെ പരിസരത്ത് മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ചേര്‍ന്ന് പരിശോധിച്ചു. പഴംതീനി വവ്വാലുകള്‍ വരുന്ന രണ്ട് റമ്പൂട്ടാന്‍ മരങ്ങളും പ്രദേശത്ത് വവ്വാലുകളുടെ കേന്ദ്രവും കണ്ടെത്തി. രോഗം കണ്ടുപിടിക്കാനും ചികിത്സ വേഗത്തിലാക്കാനുമുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിപാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ 48 മണിക്കൂര്‍ കോഴിക്കാട് താലൂക്കില്‍ കോവിഡ് വാക്സിനേഷന്‍ നിര്‍ത്തിവയ്ക്കും. എന്നാല്‍ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധന നടക്കും.
നിപാ രോഗബാധ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൈറോളജി ലാബ് ക്രമീകരിച്ചു. പുണെ വൈറോളജി ലാബില്‍നിന്ന് ഫലം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കി എളുപ്പത്തില്‍ ചികിത്സ ഉറപ്പാക്കാനാണിത്. പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധനയും ആര്‍ടിപിസിആര്‍ പരിശോധനയും നടത്താനും സൗകര്യമുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പ്രത്യേക സംഘമെത്തിയാണ് ലാബ് സജ്ജീകരിച്ചത്.
സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നിപ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ജില്ലയും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പ്രത്യേക നിപ മാനേജ്‌മെന്റ് പ്ലാന്‍ ജില്ലകള്‍ തയ്യാറാക്കണം. എന്‍സെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷിക്കും. പുതുക്കിയ ചികിത്സാ മാര്‍ഗരേഖയും ഡിസ്ചാര്‍ജ് ഗൈഡ്‌ലൈനും പുറത്തിറക്കി. സ്വകാര്യ ആശുപത്രികളും ഇത് പാലിക്കണം.
സംസ്ഥാന-ജില്ലാ ആശുപത്രികള്‍ ഏകോപിപ്പിച്ചാണ് നിപ മാനേജ്‌മെന്റ് പ്ലാന്‍. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്നതാണ് സംസ്ഥാന സമിതി. ജില്ലാ വികസന മാനേജ്‌മെന്റ് അഥോറിറ്റിയും പ്രത്യേക സബ്ജറ്റ് കമ്മിറ്റികളും ചേര്‍ന്നതാണ് ജില്ലാതല സമിതി. നിരീക്ഷണം, പരിശോധന, രോഗികളുടെ പരിചരണം എന്നിവയാണ് പ്രധാനം. രോഗികളുമായി ബന്ധപ്പെട്ടവരുടെ പട്ടികതയ്യാറാക്കലും ക്വാറന്റീനും നടത്തണം. ദിവസവും ഏകോപന യോഗങ്ങള്‍ നടത്തി വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിക്കും.
ആരോഗ്യ-ഫീല്‍ഡ്തല പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കും. മരുന്നുകളും അവശ്യസാമഗ്രികളുടെയും ലഭ്യതയും ഉറപ്പാക്കും. കേന്ദ്രവും മറ്റിതര വകുപ്പുകളുമായുള്ള ബന്ധം, ഭരണപരമായ പ്രവര്‍ത്തനങ്ങള്‍, കണ്‍ട്രോള്‍ റൂം എന്നിവയ്ക്കായി മാനേജ്‌മെന്റ് ഏകോപനവും ഉണ്ടാകും.
Your comment?