കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രം
കൊച്ചി: കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ ഇടവേള കൂട്ടിയത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍.ഇടവേള 84 ദിവസമാക്കിയത് വാക്സിന്‍ക്ഷാമം കൊണ്ടല്ലെന്നും കേന്ദ്രം വിശദീകരിച്ചു. മൂന്നാംഡോസ് വാക്സിന്‍ നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടു ഹര്‍ജികളാണ് ഹൈക്കോടതി മുന്‍പാകെ വന്നത്. ഇതിലൊന്ന് കിറ്റക്സ് കമ്പനി നല്‍കിയതായിരുന്നു. തങ്ങളുടെ ജീവനക്കാര്‍ക്ക് കോവിഷീല്‍ഡിന്റെ വാക്സിന്റെ ആദ്യ ഡോസ് നല്‍കിയെന്നും അതു കഴിഞ്ഞ് 45 ദിവസമായിട്ടും രണ്ടാം ഡോസ് കുത്തിവെപ്പ് നല്‍കാന്‍ അനുമതി നല്‍കുന്നില്ല എന്നായിരുന്നു കിറ്റക്സിന്റെ പരാതി. വാക്സിന്‍ എടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് ഹൈക്കോടതിയെ സമീപിച്ചത്.
കിറ്റക്സിന്റെ ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. ഈ വിശദീകരണത്തിലാണ്, കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വാക്സിന്റെ ലഭ്യതക്കുറവ് കൊണ്ടാണോ വാക്സിന്റെ ഇടവേള വര്‍ധിപ്പിച്ചതെന്ന് കോടതി ചോദിച്ചിരുന്നു. എന്നാല്‍ വാക്സിന്റെ ലഭ്യതക്കുറവല്ല ഇതിന് കാരണമെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ഗരേഖ അടിസ്ഥാനമാക്കിയാണ് ഇടവേള നിശ്ചയിച്ചത്. നിലവില്‍ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചിരിക്കുന്നത് ഫലപ്രാപ്തിക്കു വേണ്ടിയാണെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.
Your comment?