ഇന്ത്യ ഉള്‍പ്പടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കി ഒമാന്‍
മസ്‌കത്ത്: നാലു മാസം നീണ്ട പ്രവേശന വിലക്ക് അവസാനിപ്പിച്ച് ഇന്ത്യ ഉള്‍പ്പടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കി ഒമാന്‍. സെപ്തംബര്‍ ഒന്നു മുതല്‍ രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ഒമാനിലെത്താനാകുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
യാത്രക്ക് മുമ്പ് പിസിആര്‍ പരിശോധന നടത്തണം. 72 മണിക്കൂറിനകം നടത്തിയ പിസിആര്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ ഒമാനില്‍ എത്തിയ ശേഷം വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തണം. തുടര്‍ന്ന് പരിശോധനാ ഫലം ലഭിക്കുന്നത് വരെയും ഇലക്ട്രോണിക് ബ്രേസ്ലെറ്റ് ധരിച്ച് നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം. കോവിഡ് നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാനാവും. പരിശോധനാ ഫലം പോസിറ്റീവ് ആകുന്നവര്‍ പത്ത് ദിവസം ഐസൊലേഷനില്‍ കഴിയണം
ഒമാന്‍ അംഗീകരിച്ച വാക്‌സീനുകള്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി ലഭിക്കുക. ഓക്‌സ്ഫഡ് ആസ്ട്രാസെനക, ഫൈസര്‍, സ്പുട്‌നിക്, സിനോവാക്ക് വാക്‌സീനുകള്‍ക്കാണ് ഒമാനില്‍ അംഗീകാരമുള്ളത്. ക്യൂ ആര്‍ കോഡ് അടങ്ങുന്ന വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് യാത്രക്കാരുടെ കൈവശമുണ്ടാകണം. അവസാന ഡോസ് വാക്സീന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കണം. തറസ്സുദ് പ്ലസ് ആപ്ലിക്കേഷനില്‍ യാത്രക്കാര്‍ റജിസ്റ്റര്‍ ചെയ്യണം. വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം. ഒമാനിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിസിആര്‍ പരിശോധന നടത്തുന്നവര്‍ തറസ്സുദ് പ്ലസ് വഴി പണം അടയ്ക്കണം.
Your comment?