പാഴ്സല്‍ അയച്ച ടെലിവിഷന്‍ സെറ്റിന് ഈടാക്കിയത് 5350 രൂപ ചെലവും 500 രൂപ ഇന്‍ഷ്വറന്‍സ് ഫീസും: വീട്ടിലെത്തിച്ചപ്പോള്‍ ടിവി ഉപയോഗശൂന്യം: ഇന്‍ഷുറന്‍സ് തുക നിഷേധിച്ച ഡിടിഡിസി പാഴ്സല്‍ സര്‍വീസ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണം
പത്തനംതിട്ട: പാഴ്സല്‍ അയച്ച ടെലിവിഷന്‍ സെറ്റിന് തകരാര്‍ സംഭവിച്ചെന്ന പരാതിയില്‍ ഡിടിഡിസി പാഴ്സല്‍ സര്‍വീസ് കമ്പനി 40000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു. തിരുവല്ല കാവുംഭാഗം മാനസസരസ് വീട്ടില്‍ ടി.എസ്വിജയകുമാര്‍ തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന പാഴ്സല്‍ സര്‍വീസ് സ്ഥാപനത്തിനെതിരെ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഈ വിധി ഉണ്ടായത്.
2017 ഒക്ടോബറില്‍ വിജയകുമാര്‍ ബാഗ്ലൂരില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ മരുമകന് സമ്മാനമായി ഷാര്‍ജയില്‍ നിന്ന് വരുത്തിയ വിദേശ നിര്‍മ്മിത 40 ഇഞ്ച് എല്‍.ഇ.ഡി ടി.വി തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന പാഴ്സല്‍ സര്‍വ്വീസുവഴി അയക്കുകയുണ്ടായി. പാര്‍സല്‍ ചിലവിലേക്കായി 5,350 രൂപയും ടി.വി 25,000 രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്ത വകയില്‍ 500 രൂപയും ചേര്‍ത്ത് 5850 രൂപ കമ്പനിയെ ഏല്‍പ്പിക്കുകയുണ്ടായി. എന്നാല്‍ കമ്പനിയുടെ ഉത്തരവാദിത്വമില്ലാത്ത ട്രാന്‍സ്പോര്‍ട്ടേഷന്‍ കാരണം ടി.വിയുടെ ഗ്ലാസ് പൊട്ടുകയും പ്രവര്‍ത്തന രഹിതമാകുകയും ചെയ്തു.
ഈ വിവരം കമ്പനിയെ അറിയിച്ചെങ്കിലും അവര്‍ നഷ്ടപരിഹാരമായി ഇന്‍ഷ്വര്‍ ചെയ്ത തുകയായ 25,000 രൂപ വിജയകുമാറിനു നല്‍കാന്‍ തയ്യാറിയില്ല. ഈ വിവരം കാണിച്ച് വിജയകുമാര്‍ പത്തനംതിട്ട ഉപഭോക്തതര്‍ക്കപരിഹാര കമ്മീഷനില്‍ നല്‍കിയ പരാതിയിലാണ് വിധി.വിശദ വാദം കേട്ട തെളിവുകളും പരിശോധിച്ച കമ്മീഷന്‍ ഹര്‍ജികക്ഷിയുടെ കേസ്സ് ശരി യാണെന്നു വിധിക്കുകയും ടി.വി ഇന്‍ഷുറന്‍സ് ചെയ്ത വകയില്‍ ലഭിക്കുവാനുളള 25,000രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചിലവിനായി 5,000 രൂപയും ചേര്‍ന്ന് 40,000 രൂപ ഹര്‍ജിക്കാരന് നല്‍കുവാന്‍ വിധിക്കുകയായിരുന്നു. ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, മെമ്പര്‍മാരായ എന്‍. ഷാജിതാ ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.
Your comment?