പള്ളി കൂദാശയ്ക്ക് മാനദണ്ഡം ലംഘിച്ച് നാനൂറോളം പേര്‍: സാക്ഷികളായി പൊലീസുകാരും: വിവരമറിഞ്ഞെത്തിയ ഡിവൈഎസ്പി മുഴുവന്‍ പേരെയും പുറത്താക്കി: പള്ളി കമ്മറ്റി ഭാരവാഹികള്‍ അടക്കം നൂറുപേര്‍ക്കെതിരേ കേസെടുത്തു
പത്തനംതിട്ട: കോവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടംകൂടി പള്ളി കൂദാശാ ചടങ്ങുകള്‍ നടത്തിയതിന് കമ്മറ്റി ഭാരവാഹികള്‍ അടക്കം നൂറു പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കത്തോലിക്കാ ദേവാലയ കമ്മറ്റി ഭാരവാഹികള്‍ക്കും വിശ്വാസികള്‍ക്കുമെതിരേയാണ് കേസ്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന പുതിയ ദേവാലയത്തിന്റെ മൂറോന്‍ കൂദാശയ്ക്കായിട്ടാണ് കോവിഡ് മാനദണ്ഡം ലംഘിച്ച് വിശ്വാസികള്‍ തടിച്ചു കൂടിയത്. ബിഷപ്പുമാരും പുരോഹിതരും കാര്‍മ്മികരായി.
രണ്ടു ശുശ്രൂഷകള്‍ ആയാണ് കൂദാശ പൂര്‍ത്തിയാക്കിയത്. വൈകിട്ട് മൂന്നിനാണ് കൂദാശ ശ്രുശ്രൂഷകള്‍ ആരംഭിച്ചത്. തൊട്ടുപിന്നാലെ വിശ്വാസികള്‍ തടിച്ചു കൂടി. ഈ സമയം സ്ഥലത്തുണ്ടായിരുന്ന കൊടുമണ്‍ പൊലീസ് ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയായിരുന്നു. പരമാവധി 100 പേര്‍ക്ക് മാത്രം കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച് പങ്കെടുക്കാവുന്ന ചടങ്ങിലാണ് നാലിരട്ടിയോളം ആള്‍ക്കാര്‍ പങ്കെടുത്തത്. വിശ്വാസി സമൂഹത്തെ തൊട്ടാല്‍ അനന്തരഫലം എന്താകുമെന്ന് ഭയന്ന് കൊടുമണ്‍ എസ്എച്ച്ഓ, എസ്ഐ എന്നിവരടക്കമുള്ള പൊലീസ് സംഘം നോക്കി നിന്നു. അഞ്ചു മണിയോടെ വിവരം അറിഞ്ഞ അടൂര്‍ ഡിവൈഎസ്പി സ്ഥലത്തെത്തി.
അധികമായുണ്ടായിരുന്ന ആള്‍ക്കാരെ പുറത്താക്കിയ ശേഷം ചടങ്ങുകള്‍ തുടരാന്‍ അനുവദിച്ചു. ഭക്ഷണ വിതരണം അടക്കം സംഘടിപ്പിച്ചിരുന്നു. കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കാമെന്ന ഉറപ്പിലായിരുന്നു ചടങ്ങുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. മാനദണ്ഡം ലംഘിച്ചതിനാണ് നൂറു പേര്‍ക്കെതിരേ കേസ് എടുത്തത് എന്ന് ഡിവൈഎസ്പി ആര്‍. ബിനു മാധ്യമങ്ങളോട് പറഞ്ഞു.
പത്തനംതിട്ട രൂപത അധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു മൂറോന്‍ കൂദാശ നടന്നത്. ശ്രുശ്രൂഷകള്‍ക്ക് പത്തനംതിട്ട രൂപത മുന്‍ അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മാവേലിക്കര രൂപതാധ്യക്ഷന്‍ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, വിന്‍സെന്റ് മാര്‍ പൗലോസ്, ജോസഫ് മാര്‍ തോമസ്, യൂഹാനോന്‍ മാര്‍ തെയോഡേഷ്യസ്, തോമസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ അപ്രേം, മാത്യൂസ് മാര്‍ തെവോദോസിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായിരുന്നു. ഇടവക വികാരി ഫാ . സജി മാടമണ്ണില്‍ നന്ദി പറഞ്ഞു. ഞായറാഴ്ച രാവിലെ വിശുദ്ധ സമൂഹബലിയോടെ കൂദാശ ശ്രുശ്രുഷകള്‍ പൂര്‍ത്തിയാകും. ഞായറാഴ്ച പത്തനംതിട്ട രൂപത അധ്യക്ഷന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് സമൂഹബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.
കൂദാശയോടനുബന്ധിച്ച് കുരിശിന്റെ വഴി സ്ഥലങ്ങളും ഫാ. ആന്റണി കേളംപറമ്പില്‍ മെമ്മോറിയലായി പണിത മെമ്മോറിയാ മമ്മാരെയുടെ കൂദാശയും ഇന്നലെ നടന്നു. ദേവാലയത്തിന്റെ മുന്‍ഭാഗത്തും ഇരു വശങ്ങളിലുമായി ക്രമികരിച്ചിരിക്കുന്ന നിത്യാരാധന ചാപ്പല്‍ കൂദാശയും വിശുദ്ധരുടെ തിരുേശഷിപ്പുകളും സഹദായുടെ തിരുസ്വരുപവും പ്രതിഷ്ഠിച്ച ചാപ്പലിന്റെയും കൂദാശയും നടന്നു. പ്രധാന മദ്ബഹായുടെ ഇരുവശങ്ങളിലായി അള്‍ത്താരയില്‍ ജര്‍മന്‍ കൊളോണ്‍ രൂപതയില്‍ നിന്നും കൊണ്ടു വന്ന സ്വര്‍ണ നിര്‍മ്മിതമായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ രൂപവും ദൈവ മാതാവിന്റെ രുപവും മൂറോന്‍ കൂദാശയോടനുബന്ധിച്ച് പ്രത്യേകം പ്രതിഷ്ഠിച്ചു. നവതി നിേവദ്യം മൂറോന്‍ പ്രസാദം എന്ന പേരില്‍ മൂന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. ഭവന നിര്‍മ്മാണം, വിവാഹ- വിദ്യാഭ്യാസ സഹായം, ചികില്‍സാ സഹായം എന്നിവയാണ് പദ്ധതികള്‍.
Your comment?