ഇന്നത്തെ പ്രധാനവാര്‍ത്ത ‘പ്രായം തോറ്റു രാഘവന്‍പിള്ളചേട്ടന്റെ ചുറുചുറുക്കിന് മുന്നില്‍’
കടമ്പനാട്: പ്രായത്തെ വെല്ലുന്ന ചുറുചുറുക്കുമായി പ്രഭാതത്തില്‍ തന്നെ കൈയ്യില്‍ പത്രക്കെട്ടുമായി എത്തുന്ന കടമ്പനാട് രാഘവന്‍പിള്ള ചേട്ടന്‍ കടമ്പനാട്-നെല്ലിമുകള്‍ ഭാഗത്തെ ഒരു പതിവു കാഴ്ചയാണ്. ഈ സെപ്റ്റംബറില്‍ 82 വയസ് തികയുന്ന ഇദ്ദേഹം പത്രവിതരണം ആരംഭിച്ചിട്ട് 45 വര്‍ഷമാകുന്നു. പത്രവിതരണം നടത്തുന്നത് കാല്‍നടയായിട്ടാണ് എന്നുള്ള പ്രത്യേകതയുമുണ്ട്. എന്നും പ്രഭാതത്തില്‍ മൂന്നിന് ഉണരുന്ന രാഘവന്‍പിള്ള പത്ര കെട്ടു വരുന്ന സ്ഥലത്തെത്തും. മകന്‍ രാജേഷ് കുമാറും സഹോദരി ഭവാനി അമ്മയും പത്രം ഇടാന്‍ പോകുന്നുണ്ട്.ഇവര്‍ക്കുള്ള പത്രം വീതിച്ചു നല്‍കിയ ശേഷമാണ് രാഘവന്‍ പിള്ള പത്രവിതരണത്തിന് ഇറങ്ങുക. കടമ്പനാട്, നെല്ലിമുകള്‍ എന്നീ സ്ഥലങ്ങളെ കൂടാതെ മഞ്ഞാലിയിലും പത്രം നല്‍കുന്നുണ്ട്. ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത ചെരിപ്പിടാറില്ല എന്നതാണ്.
1976 ഫെബ്രുവരി 26-നാണ് മാതൃഭൂമി ഏജന്റായി പത്രവിതരണത്തിലേക്ക് തുടക്കം കുറിക്കുന്നതെന്ന് രാഘവന്‍പിള്ള പറയുന്നു.അവിവിവാഹിതയായ സഹോദരി ഭവാനി അമ്മയും മൂന്നാമത്തെ മകന്‍ രാജേഷ് കുമാറിനുമൊപ്പം തുവയൂര്‍ സൗത്ത് ഇലഞ്ഞിക്കല്‍ പുത്തന്‍ വീട്ടിലാണ് താമസം. പരേതയായ ഓമന അമ്മയാണ് ഭാര്യ. മൊത്തം അഞ്ചു മക്കളാണ് ഇദ്ദേഹത്തിന്.ഒരു ദുശ്ശീലങ്ങളുമില്ലാത്ത രാഘവന്‍ ചേട്ടന്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്നും പെര്‍ഫക്ട് ഓക്കെയാണ്.
Your comment?